'കൊവിഡിന്റെ ബാക്കി'; കുട്ടികളിൽ പുതിയ രോഗം, മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം

By Web TeamFirst Published Oct 17, 2020, 8:05 AM IST
Highlights

കേരളത്തിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ കുട്ടികളിൽ പുതിയൊരു രോഗം കൂടി വ്യാപകമാകുന്നു. 

കോഴിക്കോട്: കേരളത്തിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ കുട്ടികളിൽ പുതിയൊരു രോഗം കൂടി വ്യപകമാകുന്നു. മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രം എന്നാണ് രോഗാവസ്ഥ അറിയപ്പെടുന്നത്.  കൊവിഡ് വ്യാപനം തീവ്രമായ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും വിദേശ രാജ്യങ്ങളിലും കണ്ടെത്തിയ രോഗമാണ് ഇപ്പോൾ കേരളത്തിലും കൂടി വരുന്നത്.

കൊവിഡ് അണുബാധ വന്നിട്ടുള്ള, അല്ലെങ്കിൽ തിരിച്ചറിയാതെ പോകുന്ന കുട്ടികളിലാണ് മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം കണ്ടെത്തുന്നത്. അണുബാധക്ക് ശേഷം ചില കുട്ടികളിൽ രണ്ടാഴ്ച മുതൽ രണ്ടു മാസം വരെയുള്ള കാലയളവിൽ ആണ് ഈ രോഗാവസ്ഥ പ്രകടമാകുന്നത്. പനി, വയറുവേദന, വയറിളക്കം, കണ്ണിലും വായിലും ചുവപ്പ്, ശരീരത്തിലെ ചുവന്ന പാടുകൾ, എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. 

ഹൃദയത്തിന്‍റെ പേശികളെ ബാധിക്കുന്ന അവസ്ഥ, വൃക്കയേയും കരളിനേയും ബാധിക്കൽ, രക്തസമ്മർദ്ദം കുറയൽ എന്നീ ഗുരുതരാവസ്ഥയിലേക്കും രോഗം മാറിയേക്കാം. ഏപ്രിൽ അവസാന വാരം കോഴിക്കോട്ട് ആണ് ഏഷ്യയിൽ തന്നെ ആദ്യമായി രോഗം കണ്ടെത്തിയത്. 

കേരളത്തിൽ കൊവിഡ് വ്യാപനം തീവ്രമായ സെപ്തംബറിലും ഒക്ടോബറിൽ ഇതുവരെയും 25-ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇനിയുള്ള ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം കൂടുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

click me!