സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി; കെപിസിസി പുനഃസംഘടനാ പട്ടിക തിരിച്ചയച്ച് റിട്ടേണിംഗ് ഓഫീസർ

Published : Jun 21, 2022, 03:17 PM ISTUpdated : Jun 21, 2022, 05:07 PM IST
സംസ്ഥാന നേതൃത്വത്തിന് തിരിച്ചടി; കെപിസിസി പുനഃസംഘടനാ പട്ടിക തിരിച്ചയച്ച് റിട്ടേണിംഗ് ഓഫീസർ

Synopsis

ചെറുപ്പക്കാരില്ല, വനിതകൾക്ക് പ്രാതിനിധ്യമില്ല, പട്ടികജാതി സംവരണം വേണമെന്ന നിബന്ധന പാലിച്ചില്ലെന്നതടക്കം ഗുരുതര ആരോപണമുന്നയിച്ചാണ്  റിട്ടേണിംഗ് ഓഫീസർ പരമേശ്വര പട്ടിക തിരിച്ചയച്ചത്.

തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വത്തിന് വലിയ തിരിച്ചടിയായി കെപിസിസി അംഗങ്ങളുടെ പുനഃസംഘടനാ പട്ടിക റിട്ടേണിംഗ് ഓഫീസർ തിരിച്ചയച്ചു. ചെറുപ്പക്കാരില്ല, വനിതകൾക്ക് പ്രാതിനിധ്യമില്ല, പട്ടികജാതി സംവരണം വേണമെന്ന നിബന്ധന പാലിച്ചില്ലെന്നതടക്കം ഗുരുതര ആരോപണമുന്നയിച്ചാണ്  റിട്ടേണിംഗ് ഓഫീസർ പരമേശ്വര പട്ടിക തിരിച്ചയച്ചത്. അഞ്ച് വർഷം ഒരു ഭാരവാഹിസ്ഥാനത്ത് തുടരരുതെന്ന ഉദയ്പൂർ ചിന്തൻശിബിർ തീരുമാനം സംസ്ഥാനം അട്ടിമറിച്ചുവെന്നും റിട്ടേണിംഗ് ഓഫീസറുടെ കുറിപ്പില്‍ ആരോപിക്കുന്നു.

ചിന്തൻ ശിബിരിന് ശേഷം നടന്ന പട്ടിക തീരുമാനം സംസ്ഥാനം ഗൗരവത്തിലെടുത്തില്ലെന്ന ഹൈക്കമാൻഡിന്റെ വിലയിരുത്തലും ഉണ്ടായി. ഗ്രൂപ്പുകൾ വഴിമാറിയായിരുന്നു ചർച്ചയും തീരുമാനവും. ഒരു നിയോജകമണ്ഡലത്തിൽ നിന്ന് രണ്ട് എന്ന കണക്കിൽ 280 കെപിസിസി അംഗപട്ടികയാണ് തയ്യാറാക്കിയത്. എന്നാൽ  പുനഃസംഘടന ചർച്ചകളിൽ ഉദയ്പൂർ  തീരുമാനം കേരളത്തിൽ  അറിഞ്ഞിട്ടുപോലുമില്ലെന്ന അവസ്ഥയിലായിരുന്നു. അഞ്ച് വർഷത്തിൽ കൂടുതൽ ഒരു പദവിയിൽ പാടില്ലെന്നാണ് നി‍ർദ്ദേശമെങ്കിലും പത്തും പതിനഞ്ചും വർഷം പദവികളിരുന്നവരെ കെപിസിസി അംഗമായി പരിഗണിച്ചു. പാർട്ടിയിൽ നിന്നും പുറത്ത് പോയവർക്കും മരിച്ചവർക്കും പകരമുള്ളവരെ മാത്രമാണ് തെരഞ്ഞെടുപ്പ്. അതായത് പഴയപട്ടികയിൽ ചില പൊടികൈകൾ മാത്രം. 

വനിത, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് 50 ശതമാനം
 

ബാക്കി അൻപത് ശതമാനത്തിൽ 25 ശതമാനം അൻപത് വയസിൽ താഴെയുള്ളവർക്ക്. ഇതാണ് മറ്റൊരുപ്രധാനതീരുമാനം. എന്നാൽ വനിതകളായി പട്ടികയിലുള്ളത് ബിന്ദു കൃഷ്ണയും ദീപ്തി മേരി വർഗീസും ആലിപ്പറ്റ ജമീലയും മാത്രം. 280 പേരിൽ പുതുതായി പരിഗണിക്കുന്നത് 44 പേരെ മാത്രമാണ്. അതിൽ യുവാക്കളും കുറവ്. മെമ്പർഷിപ്പ് ചേർക്കാൻ പോലും കളത്തിൽ എത്താത്തവർ പട്ടികയിലുണ്ടെന്നാണ് മറ്റോരാക്ഷേപം. മെമ്പർഷിപ്പ് ചേർത്തവർക്ക് പുല്ലുവില. മെമ്പർഷിപ്പ് ചേർത്തവർക്ക് വലിയ പരിഗണനയെന്നായിരുന്നു കെപിസിസി അധ്യക്ഷൻ എപ്പോഴും പറയുന്നത്. ഇതും പാലിച്ചില്ല.

ഗ്രൂപ്പ് ഇല്ലെന്ന് പറയുന്നത് തെറ്റ്

ഗ്രൂപ്പില്ലെന്ന് നാഴികക്ക് നാല്പത് വട്ടം പറയുന്ന വി ഡി സതീശനും കെ സുധാകരനും താല്പര്യമുള്ളവരെ മാത്രം കുത്തിനിറയ്ക്കാൻ ശ്രമിക്കുകയാണെന്നാണ് പരാതി. വി.ഡി സതീശന്‍ കെ.സുധാകരന്‍ സഖ്യവുമായി അകന്നു നിന്നിരുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാകട്ടെ  കെപിസിസി അംഗങ്ങളുടെ തിരഞ്ഞെടുപ്പെത്തിയപ്പോള്‍ പുതിയ നേതൃത്വവുമായി സഹകരിക്കാന്‍ തീരുമാനിച്ചതാണ് കൗതുകകരം. എ,ഐ ഗ്രൂപ്പുകളിലെ പ്രധാനികളായ പ്രാദേശിക നേതാക്കളെയാരെയും ഒഴിവാക്കേണ്ടി വരില്ലെന്നതാണ് പുതിയ നേതൃത്വത്തിനൊപ്പം നില്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയെയും രമേശിനെയും പ്രേരിപ്പിച്ചത്. ഗ്രൂപ്പുകളിൽ നിന്ന് അകലം പാലിച്ചവർ ഗ്രൂപ്പുകളോട് ചേർന്ന് നിന്നാൽ നന്നായേനെ എന്നാണ് ഇപ്പോൾ ആലോചിക്കുന്നത്. 

Read More : 'യുവാക്കളെ ഗ്രൂപ്പുകള്‍ വെട്ടി'; ചിന്തന്‍ ശിബിര തീരുമാനങ്ങള്‍ അട്ടിമറിച്ച് കെപിസിസി പുനഃസംഘടന

പട്ടികയ്ക്കെതിരെ പരാതി പ്രളയം

നേതൃത്വം ഗ്രൂപ്പ് ഭേദമെന്യേ ഒരുമിച്ച് നിന്നപ്പോൾ താഴേത്തട്ടിലുള്ള പ്രവർത്തകർ പരാതിയുമായി രംഗത്തെത്തി. ടി എൻ പ്രതാപൻ എംപിയും പട്ടികക്കെതിരെ പരാതി നൽകിയതോടെയാണ് പുനഃപരിശോധന വേണമെന്ന് റിട്ടേണിംഗ് ഓഫീസർ വ്യക്തമാക്കി പട്ടിക തള്ളിയത്. കോണ്‍ഗ്രസ് നേതൃത്വം കൊട്ടിഘോഷിച്ച് നടത്തിയ ഉദയ്പൂര്‍ ചിന്തന്‍ ശിബിര തീരുമാനങ്ങള്‍ അട്ടിമറിച്ച് കെപിസിസി പുനസംഘടന നടത്തിയെന്ന് ആരോപിച്ച് നേരത്തെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. യുവാക്കള്‍ക്കും വനിതകള്‍ക്കും  പാര്‍ട്ടി സ്ഥാനങ്ങളില്‍  മികച്ച പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ചിന്തന്‍ ശിബിരത്തിലെ തീരുമാനം സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ ചേര്‍ന്ന് അട്ടിമറിച്ചെന്നായിരുന്നു പ്രധാന ആരോപണം.

PREV
Read more Articles on
click me!

Recommended Stories

ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു... ഭയം തോന്നുന്നില്ലേ, കുറിപ്പുമായി പി പി ദിവ്യ; നിയമപോരാട്ടം അവസാനിപ്പിക്കരുതെന്ന് പ്രതികരണം
അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിൽ; അപ്പീലിൽ തീരുമാനമെടുത്തിട്ടില്ല, അവൾക്കൊപ്പം നിന്നവരും കടുത്ത നിരാശയിൽ