Asianet News MalayalamAsianet News Malayalam

'യുവാക്കളെ ഗ്രൂപ്പുകള്‍ വെട്ടി'; ചിന്തന്‍ ശിബിര തീരുമാനങ്ങള്‍ അട്ടിമറിച്ച് കെപിസിസി പുനഃസംഘടന

ഇപ്പോൾ തയാറാക്കിയ പട്ടികയനുസരിച്ച് രണ്ട് വനിതകൾ മാത്രമാവും പുതുതായി കെപിസിസിയിൽ എത്തുക. സജീവ സംഘടനാ പ്രവര്‍ത്തനത്തിലില്ലാത്ത കിടപ്പു രോഗികളായ നേതാക്കളെ വരെ ഇനിയും കെപിസിസി അംഗങ്ങളാക്കി തുടരുന്നതില്‍ എന്തു കാര്യമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ചോദ്യം.

youth leaders against kpcc on Congress reorganization
Author
Thiruvananthapuram, First Published Jun 19, 2022, 5:28 PM IST

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വം കൊട്ടിഘോഷിച്ച് നടത്തിയ ഉദയ്പൂര്‍ ചിന്തന്‍ ശിബിര തീരുമാനങ്ങള്‍ അട്ടിമറിച്ച് കെപിസിസി പുനസംഘടന. യുവാക്കള്‍ക്കും വനിതകള്‍ക്കും  പാര്‍ട്ടി സ്ഥാനങ്ങളില്‍  മികച്ച പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ചിന്തന്‍ ശിബിരത്തിലെ തീരുമാനം സംസ്ഥാന കോണ്‍ഗ്രസിലെ(Congress) ഗ്രൂപ്പുകള്‍ ചേര്‍ന്ന് അട്ടിമറിച്ചെന്നാണ് ആരോപണം. 240 അംഗ കെപിസിസി അംഗങ്ങളുടെ പട്ടിക പുറത്തിറങ്ങുന്നതിനു പിന്നാലെ ഹൈക്കമാൻഡിനെ സമീപിക്കാനൊരുങ്ങുകയാണ് പാർട്ടിയിലെ ഒരു വിഭാഗം.

ഒരു നിയമസഭാനിയോജകമണ്ഡലത്തില്‍ നിന്ന് രണ്ട് പ്രതിനിധികള്‍. അങ്ങിനെ 140 നിയോജകമണ്ഡലങ്ങളില്‍ നിന്നായി 280 പേരാണ് കെപിസിസി(KPCC) അംഗങ്ങളായി എത്തേണ്ടത്. യുവാക്കള്‍ക്കും വനിതകള്‍ക്കും ദളിത് വിഭാഗത്തില്‍ നിന്നുളളവര്‍ക്കുമായി കൂടുതല്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും സംഘടനാ സ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് അതിപ്രസരം പാടില്ലെന്നുമുളള ഉദയ്പൂര്‍ ചിന്തന്‍ശിബിര തീരുമാനം പുറത്തു വന്നതിനു പിന്നാലെയാണ് കെപിസിസി പുനഃസംഘടനാ ചര്‍ച്ചയിലേക്ക് കടന്നത്. 

എന്നാല്‍ ചിന്തന്‍ശിബിര തീരുമാനങ്ങളാകെ ലംഘിച്ചു കൊണ്ടുളള പട്ടികയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് തയാറാക്കിയിരിക്കുന്നതെന്ന പരാതിയാണ് ഉയരുന്നത്.  നിലവിലുളള കെപിസിസി അംഗങ്ങളില്‍ ഭൂരിഭാഗം പേരെയും നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ പട്ടിക തയാറായിരിക്കുന്നത്. പാര്‍ട്ടി വിട്ടു പോയവരും, മരിച്ചു പോയവരും ഉള്‍പ്പെടെ 44 പേരുടെ ഒഴിവുകളിലേക്ക് മാത്രമാണ് പുതിയ ആളുകളെ കണ്ടെത്തിയിരിക്കുന്നത്. അവിടെയും ഗ്രൂപ്പ് നോക്കിയാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും ഒരു വിഭാഗം ആരോപിക്കുന്നു. 

ഇപ്പോൾ തയാറാക്കിയ പട്ടികയനുസരിച്ച് രണ്ട് വനിതകൾ മാത്രമാവും പുതുതായി കെ പി സി സിയിൽ എത്തുക. യുവ , ദളിത് പ്രാതിനിധ്യവും നാമമാത്രം. വി.ഡി സതീശന്‍ കെ.സുധാകരന്‍ സഖ്യവുമായി അകന്നു നിന്നിരുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി അംഗങ്ങളുടെ തിരഞ്ഞെടുപ്പെത്തിയപ്പോള്‍ പുതിയ നേതൃത്വവുമായി സഹകരിക്കാന്‍ തീരുമാനിച്ചതാണ് കൗതുകകരമായ വസ്തുത. എ,ഐ ഗ്രൂപ്പുകളിലെ പ്രധാനികളായ പ്രാദേശിക നേതാക്കളെയാരെയും ഒഴിവാക്കേണ്ടി വരില്ലെന്നതാണ് പുതിയ നേതൃത്വത്തിനൊപ്പം നില്‍ക്കാന്‍ ഉമ്മന്‍ചാണ്ടിയെയും രമേശിനെയും പ്രേരിപ്പിച്ചത് .

എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാകട്ടെ പുനഃസംഘടനയില്‍ ഇടപെടാനില്ലെന്ന നിലപാടിലുമാണ്. സജീവ സംഘടനാ പ്രവര്‍ത്തനത്തിലില്ലാത്ത കിടപ്പു രോഗികളായ നേതാക്കളെ വരെ ഇനിയും കെപിസിസി അംഗങ്ങളാക്കി തുടരുന്നതില്‍ എന്തു കാര്യമെന്ന ചോദ്യമാണ് നേതൃത്വത്തിന്‍റെ നടപടിയില്‍ പ്രതിഷേധമുളള  ഒരു വിഭാഗം നേതാക്കള്‍  ഉന്നയിക്കുന്നത്. രണ്ടു ദിവസത്തിനകം അന്തിമ പട്ടിക വരാനിരിക്കെ പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിക്കാനും ഒരു വിഭാഗം നീക്കം നടത്തുന്നുണ്ട്. 

ഇപ്പോൾ തയാറാക്കിയ പട്ടികയനുസരിച്ച് രണ്ട് വനിതകൾ മാത്രമാവും പുതുതായി കെപിസിസിയിൽ എത്തുക. സജീവ സംഘടനാ പ്രവര്‍ത്തനത്തിലില്ലാത്ത കിടപ്പു രോഗികളായ നേതാക്കളെ വരെ ഇനിയും കെപിസിസി അംഗങ്ങളാക്കി തുടരുന്നതില്‍ എന്തു കാര്യമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ചോദ്യം.

Latest Videos
Follow Us:
Download App:
  • android
  • ios