Food Poison : നെയ്യാറ്റിൻകരയിൽ സ്‍കൂൾ പാചകപ്പുരയിൽ അരി സൂക്ഷിച്ചത് വൃത്തിഹീനമായ നിലയിൽ; സ്‍കൂളിന് നോട്ടീസ്

Published : Jun 06, 2022, 03:58 PM ISTUpdated : Jun 06, 2022, 04:09 PM IST
Food Poison : നെയ്യാറ്റിൻകരയിൽ സ്‍കൂൾ പാചകപ്പുരയിൽ അരി സൂക്ഷിച്ചത് വൃത്തിഹീനമായ നിലയിൽ; സ്‍കൂളിന് നോട്ടീസ്

Synopsis

 പാചകപ്പുരയ്ക്ക് ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ ലൈസൻസ് ഇല്ലായിരുന്നുവെന്ന് കണ്ടെത്തി; പാചകക്കാർക്ക് ആരോഗ്യവകുപ്പിന്റെ സർട്ടിഫിക്കറ്റും ഇല്ല

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിനുള്ള അരിയും പലവ്യ‍‍ഞ്ജനങ്ങളും ഉള്ളിയും വൃത്തിഹീനമായി സൂക്ഷിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്ക് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നോട്ടീസ്. നെയ്യാറ്റിൻകര ഗേൾസ് ഹയർ സെക്കണ്ടറി സ്‍കൂൾ അധികൃതർക്കാണ് നോട്ടീസ് നൽകിയത്. സ്‍കൂളിലെ പാചകപ്പുരയ്ക്ക് ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ ലൈസൻസ് ഇല്ലായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി.

നെയ്യാറ്റിൻകരയിലെ സ്‍കൂളുകളിൽ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഗേൾസ് ഹയർ സെക്കണ്ടറി സ്‍കൂളിൽ വൃത്തിഹീനമായ നിലയിൽ അരിയും പലവ്യഞ്ജനകളും സൂക്ഷിച്ചതായി കണ്ടെത്തിയത്. പാചകക്കാ‌ർക്ക് ആരോഗ്യ വകുപ്പ് നി‍ർദേശിച്ചിട്ടുള്ള സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ഇതേതുടർന്ന് വൃത്തിഹീനമായി സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ അധികൃതർ ശേഖരിച്ചു. പാചകക്കാരോട് മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ ഇവരെ പാചകത്തിൽ നിന്ന് മാറ്റിനിർത്താനും നിർദേശിച്ചിട്ടുണ്ട്. സ്കൂളിലെ വെള്ളത്തിന്റെ സാമ്പിളുകളും ഉദ്യോഗസ്ഥ‌ർ ശേഖരിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് കായംകുളത്തും വിഴിഞ്ഞത്തും ഉൾപ്പെടെ സ്‍കൂളുകളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി പരിശോധനകൾ നടന്നുവരികയാണ്. മന്ത്രിമാർ തന്നെ നേരിട്ടിറങ്ങി പരിശോധനകൾ നടത്തുന്നതിനിടെയാണ് നെയ്യാറ്റിൻകരയിൽ സർക്കാർ ഗേൾസ് ഹയർ സെക്കണ്ടറി സ്‍കൂളിൽ തീർത്തും വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നത് കണ്ടെത്തിയത്.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തും

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭക്ഷ്യസുരക്ഷ (Food Safety) ഉറപ്പാക്കാൻ സ്‍കൂളുകളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ വ്യക്തമാക്കി. ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്ത സ്‍കൂളുകളില്‍ എന്താണ് സംഭവിച്ചതെന്ന റിപ്പോർട്ട് അഞ്ചു ദിവസത്തിനകം കിട്ടുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് സെന്‍റ് വിന്‍സെന്‍റ് സ്‍കൂള്‍  സന്ദർശിച്ച ശേഷമാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. വിഷയത്തെ ഗൗരവത്തോടെ ആണ് സര്‍ക്കാര്‍ സമീപിക്കുന്നത്. ഉച്ച ഭക്ഷണ വിതരണം സുരക്ഷിതം ആക്കാൻ ജനകീയ ഇടപെടൽ വേണം. രക്ഷിതാക്കളുടെ ഇടപെടൽ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സ്‍കൂളുകളിലെ പാചകപ്പുര ഉൾപ്പെടെ സന്ദർശിച്ച് മന്ത്രി മടങ്ങി. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ സ്‍കൂളുകളിൽ മിന്നൽ പരിശോധന തുടരും എന്ന് മന്ത്രി അറിയിച്ചു.

സ്കൂളുകളിലെ ഭക്ഷ്യവിഷബാധ;റിപ്പോർട്ട് അഞ്ചു ദിവസത്തിനകമെന്ന് ഭക്ഷ്യ മന്ത്രി

കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ച് മന്ത്രി

സ്‍കൂളുകളിലെ ഉച്ച ഭക്ഷണത്തിൽ ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നു എന്ന പരാതി വ്യാപകമായി ഉയരുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പൂജപ്പുര യു.പി. സ്‍കൂളിൽ എത്തി. സ്‍കൂളിലെ സൗകര്യങ്ങൾ ശുചിത്വം എന്നിവ മന്ത്രി പരിശോധിച്ചു.  കുട്ടികൾക്കൊപ്പം ഇരുന്നാണ് മന്ത്രി  ഉച്ചഭക്ഷണം കഴിച്ചത്. 

തുടരുന്ന ഭക്ഷ്യവിഷബാധ, വേണ്ടത്ര ലാബ് പരിശോധനാ സംവിധാനം പോലുമില്ലാതെ കേരളം

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്