14 ജില്ലകളിൽ നിന്നുമുള്ള ഭക്ഷണ സാംപിളുകൾ നോക്കാൻ ആകെ 3 മേഖലാ ലാബുകളേ ഉള്ളു. കോഴിക്കോട് 3 മൈക്രോബയോളജിസ്റ്റ് വേണ്ടതിൽ സ്ഥിരമായി ഒരാളേ ഉള്ളൂ. എറണാകുളത്തും ഇതേ സ്ഥിതി തന്നെയാണ്. 

തിരുവനന്തപുരം: ഭക്ഷ്യവിഷബാധകൾ ആവർത്തിക്കുമ്പോഴും പര്യാപ്തമായ ലാബ് പരിശോധനാ സംവിധാനമില്ലാതെ വലയുകയാണ് കേരളം. സാധാരണക്കാർ നൽകുന്ന സാംപിളുകളിൽ ഫലം കിട്ടാൻ എടുക്കുന്നത് ആഴ്ചകളോ ഒരു മാസത്തിലധികമോ ആണ്. സങ്കീർണവും ചെലവേറിയതുമാണ് പരിശോധന എന്നിരിക്കെ 14 ജില്ലകൾക്കുമായി ആകെ 3 മേഖലാ ലാബുകൾ മാത്രമാണുള്ളത്. ആവശ്യത്തിന് മൈക്രോബയോളജിസ്റ്റുകളുമില്ല എന്നതാണ് യാഥാർഥ്യം. നിലവിലുള്ള മൂന്ന് മേഖലാ ലാബുകൾക്കും മൈക്രോബയോളജി പരിശോധനയ്ക്ക് എൻ.എ.ബി.എൽ അംഗീകാരം ലഭിച്ചിട്ടുമില്ല. സംസ്ഥാനത്ത് തുടങ്ങാൻ തീരുമാനിച്ച റിസർച്ച് ലാബും എങ്ങുമെത്തിയില്ല. റോവിങ് റിപ്പോർട്ടർ യാത്രയുടെ ഭാഗമായി കഴിഞ്ഞ മാസം 20-ന് ഞങ്ങൾ നൽകിയ സാംപിളിലും ഫലം വന്നിട്ടില്ല. റോവിംഗ് റിപ്പോർട്ടർ അന്വേഷണം തുടരുന്നു, റിപ്പോർട്ട് വായിക്കാം വിശദമായി. 

ഒരു സാംപിൾ റിസൾട്ട് കിട്ടാൻ ഒരു മാസം!

ഏതെങ്കിലും മേഖലാ ലാബുകളിൽ ഒരു ഭക്ഷണസാംപിൾ കൊടുത്താൽ ഫലം കിട്ടാൻ വേണ്ടത് ഒരു മാസം! ഭക്ഷ്യവിഷബാധകൾ ആവർത്തിക്കുന്ന സാഹചര്യത്തിലും നമ്മുടെ കേരളത്തിലെ സ്ഥിതിയാണിത്. 

14 ദിവസം മുതൽ ഒരു മാസം വരെയാണ് റിസൾട്ട് കിട്ടാനുള്ള സമയം. വേഗത്തിൽ ഫലം നൽകാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. പരിശോധന സങ്കീർണമാണ്. 114 ജില്ലകളിൽ നിന്നുമുള്ള ഭക്ഷണ സാംപിളുകൾ നോക്കാൻ ആകെ 3 മേഖലാ ലാബുകളേ ഉള്ളു. കോഴിക്കോട് 3 മൈക്രോബയോളജിസ്റ്റ് വേണ്ടതിൽ സ്ഥിരമായി ഒരാളേ ഉള്ളൂ. എറണാകുളത്തും ഇതേ സ്ഥിതി തന്നെയാണ്.

സാങ്കേതിക വിഭാഗത്തിൽ നിന്ന് രണ്ടുപേരെയെടുത്താണ് തൽക്കാലം അഡ്ജസ്റ്റ് ചെയ്യുന്നത്. തിരുവനന്തപുരത്ത് 4 തസ്തികകളിൽ രണ്ടെണ്ണം ഒഴിഞ്ഞു കിടക്കുന്നു. ഇവിടെയും താൽക്കാലികക്കാരെ വെച്ചാണ് ഓടിക്കുന്നത്. പരാതി ഉയർന്നാൽ മണിക്കൂറുകൾക്കകം ഭക്ഷണ സാംപിളെടുത്തില്ലെങ്കിൽ സാംപിൾ നശിക്കും, ഫലം തന്നെ തെറ്റും. കോടതികളിൽ കേസ് തോൽക്കും. സർക്കാർ മേഖലയിൽ ഭക്ഷ്യ പരിശോധനയിൽ മൈക്രോബയോളജി ലാബുകൾക്ക് എൻഎബിഎൽ അംഗീകാരവുമായിട്ടില്ല എന്നതാണ് വസ്തുത. 

''ഭക്ഷണത്തിന്‍റെ മൈക്രോബയോളജി ഇത്തിരി കോംപ്ലിക്കേറ്റഡാണ്. ഇത്തരത്തിലുള്ള പരിശോധനകൾക്ക് ഒരു യൂണിലാറ്ററൽ ഫ്ലോ വേണം. കേരളത്തിലെ മൂന്ന് ലാബുകൾക്കും ഇത്തരത്തിലുള്ള യൂണിലാറ്ററൽ ഫ്ലോ ഇല്ല. അതുകൊണ്ട് തന്നെ എൻഎബിഎൽ അംഗീകാരവുമില്ല'', ഗവൺമെന്‍റ് അനലിസ്റ്റായ അബ്ദുൾ മുനീർ പറയുന്നു. 

സർക്കാർ സംവിധാനത്തെ കാത്തിരിക്കാതെ ജനങ്ങൾക്ക് തന്നെ പരിശോധിക്കാവുന്ന ചില കിറ്റുകളിറങ്ങിയെങ്കിലും ജനങ്ങളിലെത്തിയതുമില്ല. മീനിലെ വിഷാംശം പരിശോധിക്കാൻ സർക്കാർ ഏജൻസിയായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിഷറീസ് ടെക്നോളജി വികസിപ്പിച്ച കിറ്റിന്‍റെ സ്ഥിതി എന്താണ്? സ്വകാര്യ കമ്പനിയാണ് വിതരണം ഏറ്റെടുത്തത്.

''വീട്ടിലാരെങ്കിലും മീൻ മേടിച്ചാൽ ഈ കിറ്റ് വച്ച് പരിശോധിക്കാം. ഇതുവരെ ഒരു ബൾക്കായ ഓർഡർ പോലും പക്ഷേ ഈ പ്രോഡക്ടിന് വേണ്ടി വന്നിട്ടില്ല'', എന്ന് വിതരണക്കമ്പനി ഉദ്യോഗസ്ഥനായ റോണി പറയുന്നു. 

സംസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന റിസർച്ച് ലാബിനായി ശ്രമം തുടങ്ങിയിരുന്നുവെങ്കിലും യാഥാർത്ഥ്യമാകാൻ ഇനിയും സമയമെടുക്കുമെന്ന് തന്നെയാണ് വിദഗ്ധർ പറയുന്നത്. 

റോവിംഗ് റിപ്പോർട്ടർ തയ്യാറാക്കിയ വിശദമായ റിപ്പോർട്ട് കാണാം:

YouTube video player

കൊട്ടാരക്കര അങ്കൺവാടിയിലെ ഭക്ഷ്യവിഷബാധ; ഐസിഡിഎസ് സൂപ്രവൈസർക്കെതിരെ പരാതി

സ്കൂൾ ഭക്ഷ്യസുരക്ഷ; പരിശോധനയ്ക്ക് സംയുക്തസമിതി,കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാൻ മന്ത്രിമാരും