ആർ എൽ വി രാമകൃഷ്ണൻ സംഗീത നാടക അക്കാദമി വിവാദം; കെപിഎസി ലളിതയുടെ വാദം പൊളിയുന്നു

Published : Oct 04, 2020, 10:30 AM ISTUpdated : Oct 04, 2020, 11:21 PM IST
ആർ എൽ വി രാമകൃഷ്ണൻ സംഗീത നാടക അക്കാദമി വിവാദം; കെപിഎസി ലളിതയുടെ വാദം പൊളിയുന്നു

Synopsis

രാമകൃഷ്ണനും കെപിഎസി ലളിതയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത് വന്നു. സെക്രട്ടറിയുമായി രാമകൃഷ്ണന്റെ കാര്യം സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമർപ്പിച്ചോളൂ എന്നും കെപിഎസി ലളിത ഫോണിൽ പറയുന്നുണ്ട്

തൃശ്ശൂ‌‌ർ: കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആർ എൽ വി രാമകൃഷ്ണന് കേരള സംഗീത നാടക അക്കാദമിയിൽ മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ച വിവാദത്തിൽ അക്കാദമി ചെയർപേഴ്സൺ കെപിഎസി ലളിതയുടെ വാദം പൊളിയുന്നു. രാമകൃഷ്ണനും കെപിഎസി ലളിതയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത് വന്നു. സെക്രട്ടറിയുമായി രാമകൃഷ്ണന്റെ കാര്യം സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമർപ്പിച്ചോളൂ എന്നും കെപിഎസി ലളിത ഫോണിൽ പറയുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ച രാമകൃഷ്ണന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു

സംഗീത നാടക അക്കാദമിയുടെ സർഗ്ഗ ഭൂമിക എന്ന ഓൺലൈൻ കലാപരിപാടികൾക്കായി അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് രാമകൃഷ്ണനുമായി സംസാരിച്ചിട്ടില്ലെന്നും രാമകൃഷ്ണനു വേണ്ടി അക്കാദമി സെക്രട്ടറി രാധാകൃഷ്ണനോട് സംസാരിച്ചു എന്ന് പ്രചരിപ്പിച്ചത് ദുരുദ്ദേശപരവുമാണെന്നായിരുന്നു കെപിഎസി ലളിത ഇന്നലെ പ്രസ്താവനയിലൂടെ അറിയിച്ചത്. എന്നാൽ കെപിഎസി ലളിതയും രാമകൃഷ്ണനും തമ്മിൽ നടത്തിയ സംഭാഷണം പുറത്ത് വന്നു. സെക്രട്ടറിയോട് സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമർപ്പിച്ചോളൂ എന്നും സംഭാഷണത്തിനിടെ പറയുന്നുണ്ട്.

മോഹിനിയാട്ടത്തിൽ പിഎച്ച്ഡി ഉണ്ടായിട്ടും തനിക്ക് ജാതീയമായ വിവേചനം മൂലം അവസരം നിഷേധിച്ചു എന്നാണ് രാമകൃഷ്ണന്റെ വാദം. എന്നാൽ പരിപാടിക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങിയിട്ടില്ല എന്നാണ് അക്കാദമിയുടെ നിലപാട്. പക്ഷേ അപേക്ഷ സമർപ്പിച്ചോളൂ എന്ന് അക്കാദമി ചെയർ പേഴ്സൺ തന്നെ പറയുന്നത് ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്. അവസരം നിഷേധിച്ചതിൽ മനം നൊന്ത് കഴിഞ്ഞ ദിവസം വൈകീട്ടാണ് ചാലക്കുടിയിലെ കലാഗൃഹത്തിൽ ഉറക്ക ഗുളികകൾ കഴിച്ച് രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചത്.

കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന രാമകൃഷ്ണന്റെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ജാതി വിവേചനമില്ലാത്തൊരു കലാലോകമുണ്ടാവട്ടെ എന്ന് എഴുതി വച്ചാണ് രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'
ക്രിസ്മസ് ദിനത്തിലെ വാജ്‌പേയി ജന്മ ദിനാഘോഷം; സർക്കുലർ വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ, 'ജീവനക്കാർ പങ്കെടുക്കേണ്ടത് നിർബന്ധം അല്ല'