
പത്തനംതിട്ട: മന്ത്രി വീണ ജോർജ്ജിന്‍റെ ഭർത്താവ് ഉൾപ്പെട്ട റോഡ് അലൈൻമെന്‍റ് വിവാദത്തിൽ സ്ഥലം അളന്ന് പരിശോധിക്കാൻ പത്തനംതിട്ട ജില്ലാ കളക്ടറുടെ നിർദേശം. ഓടയുടെ ഗതി മാറ്റിയെന്ന ആക്ഷേപം ഉയർന്ന കൊടുമൺ ഭാഗത്തെ റോഡും പുറമ്പോക്കും പരിശോധിച്ച് തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകും. അതേസമയം, മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിനെതിരെ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ പഞ്ചായത്ത് പ്രസിഡന്‍റ് ഉന്നയിച്ച ആരോപണത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമായി.
ഏഴംകുളം - കൈപ്പട്ടൂർ റോഡ് നിർമ്മാണത്തിൽ കൊടുമൺ സ്റ്റേഡിയം ഭാഗത്താണ് ഓടയുടെ അലൈൻമെന്‍റിൽ തർക്കം വന്നത്. മന്ത്രി വീണ ജോർജ്ജിന്‍റെ ഭർത്താവ് ജോർജ്ജ് ജോസഫ് സ്വന്തം കെട്ടിടത്തിന് മുന്നിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഓടയുടെ ഗതിമാറ്റിയെന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്‍റും കോൺഗ്രസും ആരോപണം ഉന്നയിച്ചു. നിർമ്മാണവും തടഞ്ഞു. ഇതോടെയാണ് കെആർഎഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയ ശേഷം കളക്ടർ സ്ഥലം അളക്കാൻ തീരുമാനിച്ചത്. കൊടുമൺ സ്റ്റേഡിയം ഭാഗത്ത് റോഡിന്‍റെ ഇരുവശമുള്ള ഭൂവുടമകൾക്ക് നോട്ടീസ് നൽകും. മന്ത്രിയുടെ ഭർത്താവിന്‍റെ കെട്ടിടത്തിന്‍റെ മുൻവശത്തിന് പുറമെ, പുറംമ്പോക്ക് കയ്യേറിയെന്ന് പരാതി വന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസടക്കം എല്ലാം അളന്നു പരിശോധിക്കാനാണ് തീരുമാനം. ഓടയുടെ അലൈൻമെന്‍റ് മാറ്റാൻ ഒരുഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മന്ത്രി വീണ ജോർജ്ജിന്‍റെ ഭർത്താവ് ജോർജ്ജ് ജോസഫ്.
അതേസമയം, മന്ത്രിയുടെ ഭർത്താവിനെതിരായ സിപിഎം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ തുറന്നുപറച്ചിലിൽ പാർട്ടിക്കുള്ളിൽ വിവാദം പുകയുകയാണ്. ഏരിയ, ലോക്കൽ കമ്മിറ്റികൾക്ക് പുറമെ ജില്ലാ നേതൃത്വത്തിലെ മുതിർന്ന നേതാക്കളും കെകെ ശ്രീധരനെ പിന്തുണയ്ക്കുന്ന നിലപാടിലേക്ക് എത്തി. അതിനിടെ, റോഡ് നിർമ്മാണം ആകെ അട്ടിമറിച്ചെന്ന് ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയും പ്രതിഷേധം ശക്തമാക്കി.
ബാർകോഴ കേസ്; ഹാജരാകാൻ അർജുൻ രാധാകൃഷ്ണന് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam