
പാലക്കാട്: പാലക്കാട് വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പട്ടാപകൽ മോഷണം. റിസപ്ഷൻ കൗണ്ടറിൽ നിന്ന് ജീവനക്കാരിയുടെ മൊബൈൽ ഫോണാണ് മോഷണം പോയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രതിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് വടക്കുഞ്ചേരി പൊലീസ് അറിയിച്ചു.
ഞായറാഴ്ചയായിരുന്നു സംഭവം. കാവിമുണ്ടും, കാക്കി ഷർട്ടും ധരിച്ചയാൾ ആശുപത്രിയുടെ റിസപ്ഷന് മുന്നിൽ ഏറെ നേരം പതിഞ്ഞിരുന്നു. ജീവനക്കാരി അവിടെ നിന്നും മാറിയെന്നുറപ്പാക്കിയ ശേഷം മേശയിൽ വെച്ച ഫോൺ കൈക്കലാക്കി. വീണ്ടും ഇരുന്ന് ഫോൺ അരയിൽ തിരുകി. മിനുറ്റുകൾക്കകം സ്ഥലം വിട്ടു. റിസപ്ഷനിൽ തിരിച്ചെത്തിയ ജീവനക്കാരി ഫോൺ കാണാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം പുറത്തറിഞ്ഞത്. സിസിടിവി ദൃശ്യമുൾപ്പെടെ വടക്കുഞ്ചേരി പൊലീസിന് കൈമാറി. പ്രതിയെ കുറിച്ച് സൂചനകൾ ലഭിച്ചെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം