
വയനാട്: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പ്രഖ്യാപിച്ചിരുന്ന 300 രൂപ സഹായം കഴിഞ്ഞ നാലുമാസമായി മുടങ്ങിയിരിക്കുകയാണ്. സഹായം നീട്ടുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നെങ്കിലും ധനസഹായം വിതരണം ചെയ്തില്ല. വിഷയം പ്രതിപക്ഷ നേതാവ് നിയമസഭയിൽ ഉന്നയിച്ചപ്പോൾ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചാൽ മാത്രമേ തുക നീട്ടാൻ കഴിയൂ എന്നായിരുന്നു റവന്യൂ മന്ത്രിയുടെ മറുപടി.
ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ രണ്ടുപേർക്ക് ജീവനോപാധി നഷ്ടമായതിനാൽ ദിവസം 300 രൂപ സഹായമാണ് നൽകിയിരുന്നത്. ആദ്യം മൂന്നുമാസം നൽകിയ സഹായം തുടർന്നും നൽകണമെന്ന ആവശ്യം ശക്തമായതോടെ 9 മാസത്തേക്ക് നീട്ടാൻ തീരുമാനമായി. ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. എന്നാൽ ധനസഹായം മുടങ്ങിയ വിവരം സഭയിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. ഇത്തരമൊരു ദുരന്തം ഉണ്ടായാൽ മൂന്നുമാസത്തേക്ക് പണം നൽകാനുള്ള അധികാരം നിയമപ്രകാരം കെഎസ്‌ഡിഎംഎയ്ക്ക് ഉണ്ടെന്നും അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചാൽ മാത്രമേ തുക നീട്ടാൻ കഴിയൂ എന്നുമായിരുന്നു കെ രാജന്റെ മറുപടി.
9 മാസം ധനസഹായം ഉണ്ടാകുമെന്ന് കരുതി കാത്തിരുന്ന ദുരന്തബാധിതർ അതീവ പ്രയാസത്തിൽ ആയിരിക്കുകയാണ്. കഴിഞ്ഞ നാലുമാസമായി സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ദുരന്തബാധിതർ പറയുന്നു. 9 മാസത്തേക്ക് സഹായം നീട്ടിയപ്പോൾ എങ്ങനെ വിതരണം ചെയ്യണം എന്നത് സംബന്ധിച്ച് ജില്ലാ ഭരണകൂടം സർക്കാരിനോട് ആരാഞ്ഞിരുന്നു. എന്നാൽ ഇതിനും ഇതുവരെ മറുപടി കിട്ടിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam