
കണ്ണൂർ: കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ അക്രമങ്ങൾ പതിവാകുന്നോയെന്ന ചോദ്യം ശക്തമാകുന്നു. സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ വധഭീഷണി ഉയർത്തിയതിന് പിന്നാലെ ഇദ്ദേഹത്തിൻ്റെ വീട്ടിൽ ആർഎസ്എസ് - ബിജെപി സംഘം അതിക്രമിച്ചുകയറിയെന്നാണ് ആരോപണം. കൂത്തുപറമ്പിനടുത്ത് ചിറ്റാരിപ്പറമ്പ് ലോക്കൽ സെക്രട്ടറി പി ജിനീഷിന്റെ വീട്ടിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് 16 അംഗ സംഘം അതിക്രമിച്ചുകയറിയത്. ഇവരെല്ലാം ബിജെപി - ആർഎസ്എസ് പ്രവർത്തകരെന്നാണ് സിപിഎമ്മിൻ്റെ ആരോപണം. ജിനീഷിനെ വധിക്കുമെന്ന് മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയ പ്രതികൾ പിന്നീട് ഇവിടെ നിന്നും മടങ്ങി. കഴിഞ്ഞ മാസവും ജിനീഷിനെ വധിക്കാൻ ശ്രമം നടന്നിരുന്നു. വീട്ടിൽ കയറിയുള്ള കൊലവിളിയിൽ പ്രതിഷേധിച്ച് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ പലയിടത്തും പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിൽ കണ്ണവം പൊലീസിൽ ജിനീഷ് പരാതി നൽകിയിട്ടുണ്ട്. പൊലീസ് കേസെടുത്തതായാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam