സഞ്ജിത്തിനെ കൊലപ്പെടുത്തിയത് അഞ്ചംഗ സംഘം: ആകെ എട്ട് പ്രതികൾ, എല്ലാവരെയും തിരിച്ചറിഞ്ഞെന്ന് പൊലീസ്

By Web TeamFirst Published Nov 26, 2021, 9:17 AM IST
Highlights

പൊലീസിന്റെ റിമാന്റ് റിപ്പോർട്ടിൽ പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞതായും എട്ട് പേരുടെ പേര് വിവരങ്ങൾ ഒന്നാം പ്രതി കുറ്റസമ്മത മൊഴിയിൽ നൽകിയെന്നും പറയുന്നു

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്തിന്റെ പേരിലെന്ന് പൊലീസിന്റെ റിമാന്റ് റിപ്പോർട്ട്. പ്രതികളെ എല്ലാവരെയും തിരിച്ചറിഞ്ഞതായും റിപ്പോർട്ടിലുണ്ട്. എട്ട് പേരുടെ പേര് വിവരങ്ങൾ ഒന്നാം പ്രതിയുടെ കുറ്റസമ്മത മൊഴിയിലുണ്ട്.

അഞ്ചംഗ കൊലയാളി സംഘം കാറില്‍ സ‍ഞ്ചരിച്ചപ്പോള്‍ മറ്റു മൂന്നുപേര്‍ നിര്‍ദ്ദേശങ്ങളും രക്ഷപെടാനുള്ള വഴിയൊരുക്കിയും പിന്നാലെയെത്തിയെന്നും റിമാന്‍റ് റിപ്പോര്‍ട്ട് പറയുന്നു. പ്രതികളെല്ലാവരും പാലക്കാട് ജില്ലയില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ പതിനഞ്ചിന് രാവിലെ ഏഴുമണിയോടെയാണ് വ്യാജ രജിസ്ട്രേഷന്‍ നന്പരിലുള്ള മാരുതി 800 വാഹനത്തില്‍ ആയുധങ്ങളുമായി കൊലപാതക സ്ഥലത്തേക്ക് പുറപ്പെട്ടത്. 8.45 ഓടെ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തി. 25 ഓളം വെട്ടുകള്‍ സ‍ഞ്ജിത്തിന്‍റെ ശരീരത്തിലുണ്ടായിരുന്നു.

അതേ കാറില്‍ തന്നെ 5 പ്രതികള്‍ രക്ഷപെട്ടു. മറ്റു മൂന്നു പേര്‍  വഴിയൊരുക്കി. രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് റിമാന്‍റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്രിമിനല്‍ ഗൂഡാലോചനയില്‍ കൂടുതല്‍ പ്രതികളുണ്ടാവും. അതിനിടെ വാഹനമോടിച്ച പ്രതി ജോലിചെയ്തിരുന്ന ആലത്തൂരിലെ കടയ്ക്കു സമീപത്തുള്ള ബേക്കറി ഉടമയുടെ നിര്‍ണായക മൊഴിയും സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. 15 പുലര്‍ച്ചെ ബേക്കറിയിലെത്തിയ പ്രതി തേങ്ങാബന്നും വാങ്ങിപോയി. പ്രതികള്‍ സഞ്ചരിച്ച കാറിലാണ് പ്രതിയെത്തിയത്.  കൃത്യം നടത്തിയശേഷം പത്തരയോടെ വീണ്ടുമെത്തി. പകല്‍ മുഴുവന്‍ യാതൊരു ഭാവഭേദവുമില്ലാതെ ആലത്തൂരില്‍ പ്രതി തുടർന്നതായും ബേക്കറി ഉടമ സുനു വെളിപ്പെടുത്തി. രണ്ടു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. അവശേഷിക്കുന്നവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയെന്ന് അന്വേഷണ സംഘം അറിയിച്ചു
 

click me!