പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജി വച്ച് എസ് ബി രാജു; സ്വാഭാവിക തീരുമാനമെന്ന് സിപിഎം

Published : Nov 17, 2026, 05:29 PM IST
S B Raju

Synopsis

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് എസ് ബി രാജു രാജി പ്രഖ്യാപിച്ചു. പാർട്ടിയുടെ മുൻകൂട്ടിയുള്ള ധാരണ പ്രകാരമാണ് ഈ മാറ്റമെന്നാണ് സിപിഎം വിശദീകരിക്കുന്നത്. പുതിയ പ്രസിഡന്‍റായി വി പൊന്നുകുട്ടൻ ചുമതലയേൽക്കാനാണ് സാധ്യത.

പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ച് എസ് ബി രാജു. ഫേസ്ബുക്ക് കുറിപ്പിലാണ് രാജി പ്രഖ്യാപനം നടത്തിയത്. ടി എം ശശി ആലത്തൂര്‍ എംഎല്‍എ ആയപ്പോഴാണ് എസ് ബി രാജു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായത്. ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും പല്ലശന ഡിവിഷനില്‍ നിന്നുള്ള അംഗവുമായ വി പൊന്നുകുട്ടൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയേക്കും.

പാർട്ടിയുടെ സ്വാഭാവിക തീരുമാനമെന്നാണ് സിപിഎമ്മിന്‍റെ മറുപടി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് ആയിരുന്ന ടി എം ശശി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജി വച്ചപ്പോൾ തന്നെ പുതിയ പ്രസിഡന്‍റിന്‍റെ കാര്യത്തിൽ ധാരണ ആയിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പൊന്നുകുട്ടനെ പല്ലശന വാർഡിൽ മത്സരിപ്പിച്ചു ജയിപ്പിച്ച് പ്രസിഡന്റ്‌ ആക്കുക എന്നായിരുന്നു തീരുമാനം. അതുവരെ വൈസ് പ്രസിഡന്‍റ് സരിത ജില്ലാ പഞ്ചായത്ത്‌ നയിക്കും എന്നും ധാരണയായി. എന്നാൽ അതിനിടയിൽ എത്രയും വേഗം പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുക എന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ പഞ്ചായത്തിന് കത്ത് നൽകി. അങ്ങനെ ആണ് മുതിർന്ന അംഗമായ എസ് ബി രാജുവിന് താൽക്കാലിക ചുമതല നൽകിയത്. ആ സ്ഥാനം ഇപ്പോൾ ഒഴിയുക മാത്രമാണ് ചെയ്തത് എന്ന് സിപിഎം വിശദീകരിക്കുന്നു.

എസ് ബി രാജുവിന്‍റെ കുറിപ്പ്

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന ഉത്തരവാദിത്വത്തിൽനിന്ന് ഇന്ന് ഒഴിവാകുകയാണ്. അതിനാൽ പ്രസിഡന്റ് എന്ന ചുമതലയിൽ ഏറ്റിരുന്ന എല്ലാ പരിപാടികളും ഒഴിവാക്കിയതായി അറിയിക്കുന്നു. അധികാരവും പദവിയും ജനസേവനത്തിനുള്ള ഉത്തരവാദിത്വമാണെന്ന വിശ്വാസത്തോടെയാണ് ഈ കാലയളവിൽ പ്രവർത്തിക്കാൻ ശ്രമിച്ചത്.

കാലയളവ് ചെറുതായിരുന്നെങ്കിലും സാധാരണ മനുഷ്യരുടെ ജീവിതത്തെ സ്പർശിക്കുന്ന ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, ദുർബല ജനവിഭാഗങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങളിൽ ഇടപെടാനും ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കാനും പരമാവധി ശ്രമിച്ചിട്ടുണ്ട്.

ഈ പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹകരണവും നൽകിയ എന്റെ പാർട്ടിക്കും മുന്നണിക്കും ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കും ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ-സാമൂഹിക- മാധ്യമ രംഗത്തെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ സ്ഥാനത്തിരിക്കുമ്പോൾ ലഭിച്ച അനുഭവങ്ങളും അംഗീകാരവും ജനങ്ങൾ നൽകിയ സ്‌നേഹവും വിശ്വാസവും അമൂല്യമായി കരുതുന്നു. പദവികൾക്ക് കാലാവധിയുണ്ട്. ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിന് കാലാവധിയില്ല.

പ്രസിഡന്റ് പദവിയിൽ നിന്ന് മാത്രമാണ് പടിയിറങ്ങുന്നത്. ജനങ്ങൾക്കിടയിലും അവരുടെ പ്രശ്‌നങ്ങൾക്കൊപ്പവും പൊതുപ്രവർത്തനത്തിന്റെ വഴിയിലും തുടർന്നും ഉണ്ടാകും. പുതിയ ഉത്തരവാദിത്വത്തിലേക്ക് വരുന്ന സഖാവിന് എല്ലാ സഹായവും നൽകി ഒപ്പം ഉണ്ടാവും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കരുവന്നൂർ കള്ളപ്പണക്കേസ്; പണം തിരിച്ചടച്ചാലും പ്രതിപട്ടികയിൽ നിന്ന് ഒഴിവാകില്ലെന്ന് ഹൈക്കോടതി
സതീശൻ സർക്കാർ നീക്കിയത് 15627 പോസ്റ്റുകൾ, നിയമസഭ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകി ആഭ്യന്തരമന്ത്രി, മന്ത്രിമാരുടെ ചിത്രമുള്ളവയും നീക്കി