
കൊച്ചി/തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലന്‍സ് ഇന്ന് ഹൈക്കോടതിയിൽ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിൽ ഗൂഢാലോചനയുടെ വൻ വെളിപ്പെടുത്തലടക്കം സുപ്രധാന വിവരങ്ങള്‍. ശബരിമലയിൽ നടന്നത് മോഷണമെന്ന നിഗമനത്തിലാണ് ദേവസ്വം വിജിലന്‍സ്. ശബരിമലയിൽ യഥാർത്ഥ സ്വർണപാളികൾ കാണാതായിട്ടുണ്ടെന്ന് ദേവസ്വം വിജിലൻസിന്‍റെ അന്തിമ റിപ്പോർട്ടിലെ കണ്ടെത്തൽ.ഈ സാഹചര്യത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണമെന്നാണ് അന്തിമ റിപ്പോര്‍ട്ടിൽ വിജിലന്‍സ് ആവശ്യപ്പെടുന്നത്. 1999ൽ വിജയ് മല്യ പൊതിഞ്ഞു നൽകിയത് 24 ക്യാരറ്റ് സ്വര്‍ണമാണ്. ഈ സ്വര്‍ണം ദ്വാരപാലക ശിൽപ്പങ്ങളിൽ അടക്കം പൊതിഞ്ഞിരുന്നു. ദേവസ്വം ഉദ്യോഗസ്ഥർക്കും സ്വർണം കാണാതായതിൽ ഉത്തരവാദിത്വമുണ്ടെന്നും ഇവര്‍ക്കെതിരെയും നടപടി വേണെന്നും അന്തിമ റിപ്പോര്‍ട്ടിലുണ്ട്. റിപ്പോർട്ടിൽ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ കൂടി പരാമർശമുണ്ട്. സ്വർണ്ണ പാളിയുടെ സൂക്ഷിപ്പിക്കാരൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണെന്നും റിപ്പോര്‍ട്ടിലുണ്ട്.
അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പായിട്ടാണ് സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒയുടെ നിര്‍ണായക മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയത്. ചെന്നൈയിൽ സ്വര്‍ണം പൂശാനെത്തിച്ചത് പുതിയ ചെമ്പ് പാളിയാണെന്നും സ്വര്‍ണം പൊതിഞ്ഞവ ആയിരുന്നില്ലെന്നും കാലപ്പഴക്കം ഉണ്ടായിരുന്നില്ലെന്നുമാണ് സ്മാര്‍ട്ട് ക്രിയേഷൻസ്‍ സിഇഒ പങ്കജ് ഭണ്ഡാരിയുടെ നിര്‍ണായക മൊഴി. ചെന്നൈയിലെത്തുന്നതിന് മുമ്പ് ദ്വാരപാലക ശിൽപത്തിലെ സ്വര്‍ണപ്പാളികള്‍ വിറ്റിരിക്കാമെന്നാണ് ദേവസ്വം വിജിലന്‍സ് സംശയിക്കുന്നത്. ഇത്തരത്തിൽ ഗൂഢാലോചനയുടെ വെളിപ്പെടുത്തലടക്കം ഗുരുതര കണ്ടെത്തലുകള്‍ ഇന്ന് ഹൈക്കോടതിയിൽ നൽകുന്ന അന്തിമ റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. 2017 മുതൽ തുടങ്ങിയ ഗൂഢാലോചനയെന്നാണ് ദേവസ്വം വിജിലന്‍സിന്‍റെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റിയും ദേവസ്വം ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടുക്കെട്ടിൽ കൂടുതൽ പേരുണ്ടെന്നും വിജിലന്‍സിന് സംശയമുണ്ട്. ദേവസ്വം വിജിലന്‍സ് പൂര്‍ണ റിപ്പോര്‍ട്ട് കൈമാറിയാൽ എസ്ഐടി കേസെടുക്കും. നാളെ പമ്പ സ്റ്റേഷനിൽ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. ഉണ്ണികൃഷ്ണൻ പോറ്റി ഉള്‍പ്പെടെ പ്രതികളാകും.