
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി സനൂപിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. അടുത്ത ദിവസം താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കാനാണ് നീക്കം. തെളിവെടുപ്പ് പൂർത്തിയായെങ്കിലും ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിയെ കൂടുതൽ ചോദ്യം ചെയ്യണമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, അക്രമം അരങ്ങേറിയ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകർ ഇന്നും പണിമുടക്കും. അത്യാഹിത വിഭാഗത്തിലും ഡോക്ടർമാരുടെ സേവനം ഉണ്ടാകില്ല. കാഷ്യാലിറ്റിയിൽ അതീവ ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് മാത്രം ചികിത്സ നൽകുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ആശുപത്രിയിൽ അടിയന്തരമായി പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് കെ ജി എം ഒ എ സമരം തുടരുന്നത്. ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിൽ പണിമുടക്ക് ഉണ്ടാകില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam