
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപിയുടെ രാപ്പകൽ ഉപരോധ സമരം തുടങ്ങി. നാളെ വൈകീട്ട് വരെയാണ് സമരം. ഇന്ന് വൈകിട്ട് തുടങ്ങിയ സമരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ശക്തമായ മഴയത്ത് ശരണംവിളിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർക്കൊപ്പം രാജീവ് ചന്ദ്രശേഖർ അടക്കമള്ള നേതാക്കൾ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇന്ന് സമര ഗേറ്റ് ഉപരോധിച്ചാണ് സമരം. നാളെ സെക്രട്ടറിയേറ്റിലേക്കുള്ള മൂന്ന് ഗേറ്റുകൾ ഉപരോധിക്കും. എല്ലാ ജില്ലകളിൽ നിന്നും പ്രവർത്തകർ സമരത്തിനെത്തുന്നുണ്ട്. ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക, 30 വര്‍ഷത്തെ ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട്അന്വേഷിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് രാപ്പകൽ സമരം.
സിപിഎമ്മിന്റെ സിപിഐയുടെയും കോൺഗ്രസിന്‍റെ ഒക്കെ നാടകം കുറെ കണ്ടതാണെന്നും എൻ ഇ പി നമ്മുടെ കുട്ടികൾക്ക് നല്ല പോളിസിയാണെന്നും ഇപ്പോൾ നടക്കുന്ന നാടകത്തെക്കുറിച്ച് ഒന്നും പറയാൻ താല്പര്യമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ശബരിമല നിസാരമായ വിഷയമല്ല. സ്വർണ്ണകൊള്ള ചെയ്യുന്നത് ചെറിയ ആരോപണമല്ല. മുഖ്യമന്ത്രി പറഞ്ഞത് ഇതൊരു വീഴ്ചയാണെന്നാണ്. അഴിമതി നടന്നാൽ ശകലം ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം.ഉളുപ്പുമില്ല. പ്രതിബദ്ധതയുമില്ല. ഉത്തരവാദിത്വവുമില്ല. സിപിഎം- ബിജെപി ബാന്ധവം എന്നത് കോൺഗ്രസിന്‍റെ സ്ഥിര ആരോപണമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam