
കോട്ടയം: ശബരിമല സ്വർണ്ണകൊള്ള കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെപി ഉദയഭാനുവിന്‍റെ ആരോപണങ്ങളിൽ മറുപടിയുമായി ആന്‍റോ ആന്‍റണി. കെപി ഉദയഭാനുവിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്നും സ്വർണം കട്ട കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരും സിപിഎമ്മും സ്വീകരിക്കുന്നതെന്നും ആന്‍റോ ആന്‍റണി പറഞ്ഞു. അവരെ രക്ഷിക്കുന്നതിന് വേണ്ടി ഇത്തരം അപവാദ പ്രചരണങ്ങൾ നടത്തുകയാണ്. യാതെരു അടിസ്ഥാനവുമില്ലാത്ത വ്യാജപ്രചരണമാണ് തനിക്കെതിരെ നടത്തുന്നത്. കുറ്റക്കാർക്കെതിരെ നടപടി എടുക്കാനാണ് ഇവർ ആദ്യം തയ്യാറാകേണ്ടതെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.
തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ പണമിടപാടിൽ ദുരൂഹതയുണ്ടെന്നും തന്ത്രി കണ്ഠര് രാജീവര് പണം നിക്ഷേപിച്ച തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ആന്റോ ആൻറണി പണം കൈപ്പറ്റിയതായി ആരോപണം ഉണ്ടെന്നുമായിരുന്നു കെപി ഉദയഭാനുവിന്‍റെ ആരോപണം. എംപിയുടെ ദുരൂഹ പണമിടപാടിൽ എസ് ഐ ടി അന്വേഷണം നടത്തണമെന്നും കെ പി ഉദയഭാനു ആവശ്യപ്പെട്ടിരുന്നു. തന്ത്രി രണ്ടര കോടി രൂപയാണ് തിരുവല്ലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിക്ഷേപിച്ചത്. ഈ പണം നഷ്ടമായതിനെ കുറിച്ച് തന്ത്രി എവിടെയും പരാതി നൽകാതിരുന്നതിൽ ദുരൂഹതയുണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം.
ബാങ്ക് പൊട്ടി പണം നഷ്ടമായിട്ടും ഈ പണത്തെ കുറിച്ച് തന്ത്രി ചോദ്യംചെയ്യലിലും ഒന്നും പറഞ്ഞിട്ടില്ല. ഈ ബാങ്കിൽ നിന്ന് ആന്‍റോ ആന്‍റണി എംപി രണ്ടര കോടി രൂപ എടുത്തതായി ആരോപണമുണ്ടെന്നാണ് ഉദയഭാനു പറയുന്നത്. തന്ത്രിയുമായി ആന്‍റോ ആന്‍റണിക്കുള്ള സാമ്പത്തിക ബന്ധത്തെ കുറിച്ച് എസ് ഐ ടി അന്വേഷിക്കണമെന്നും ഉദയഭാനു ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച തെളിവുകളൊന്നും ഉദയഭാനു മുന്നോട്ടുവയ്ക്കുന്നില്ല. ആന്‍റോ ആന്‍റണിക്കെതിരെ നാട്ടിൽ ഇങ്ങനെയൊരു ആരോപണം ഉണ്ടെന്നാണ് ഉദയഭാനു പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam