
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ശബരിമലയിലെ സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം. എസ്ഐടിയുടെ ആവശ്യം പരിഗണിച്ച് പാളികളിലെ സാംമ്പിൾ എടുത്ത് വീണ്ടും പരിശോധന നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. പാളികൾ ഏതെങ്കിലും തരത്തിൽ മാറിയിട്ടുണ്ടോ എന്നറിയാനും, എത്രത്തോളം സ്വർണം പാളികളിൽ ഉണ്ട് എന്നറിയാനുമുള്ള ശാസ്ത്രീയ തെളിവുകൾക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്താനുള്ള കോടതി നിർദേശം. മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിലേക്കയച്ച് പരിശോധന നടത്താനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കേസിൽ ഇടക്കാല ഉത്തരവാണ് കോടതി പറഞ്ഞത്. അടച്ചിട്ട മുറിയിലാണ് ഹൈക്കോടതി കേസ് പരിഗണിച്ചത്. ഫെബ്രുവരി 19ന് വീണ്ടും കേസ് പരിഗണിക്കും.
ശബരിമല സ്വര്‍ണക്കൊള്ളയിൽ വിഎസ്എസ്‍സിയിലെ വിദഗ്ധരെ കണ്ട് വിശദമായ റിപ്പോർട്ട് എസ്ഐടി തയ്യാറാക്കിയിരുന്നു. ആദ്യ റിപ്പോർട്ടിൽ അവ്യക്തതയുണ്ടെന്നും വിശദമായ റിപ്പോർട്ട് വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ എ രാജാ വിജയരാഘവന്‍, കെവി ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
അതേസമയം, കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ് അടക്കമുള്ളവരെ ചോദ്യം ചെയ്തതിന്‍റെ ഇതുവരെയുള്ള അന്വേഷണ വിശദാംശങ്ങളും കോടതിക്ക് കൈമാറി. പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിൽ ഹൈക്കോടതി നേരത്തെ തൃപ്തി രേഖപ്പെടുത്തിയിരുന്നു. അതിനിടെ, സ്വാഭാവിക ജാമ്യം തേടി എൻ വാസു ഇന്ന് അപേക്ഷ നൽകുമെന്നും വിവരമുണ്ട്. ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയിലും ഇന്ന് വാദം നടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam