എൻ വാസുവിനെ കൈവിലങ്ങ് വെച്ച സംഭവം; വിശദീകരണവുമായി പൊലീസുകാർ, ബോധപൂർവ്വം ചെയ്തതല്ലെന്ന് പൊലീസുകാരുടെ മൊഴി

Published : Nov 25, 2025, 12:59 PM IST
N vasu handcuffed

Synopsis

ബോധപൂർവ്വം ചെയ്തതല്ലെന്നാണ് പൊലീസുകാരുടെ വിശദീകരണം. വാസുവിൻ്റെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിപ്പിച്ചതെന്നും പൊലീസുകാര്‍ പറയുന്നു.

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്‍റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തില്‍ വിശദീകരണവുമായി പൊലീസുകാർ. ബോധപൂർവ്വം ചെയ്തതല്ലെന്നാണ് പൊലീസുകാരുടെ വിശദീകരണം. എ ആര്‍ ക്യാമ്പിലെ ഒരു എസ് ഐയും 4 പൊലീസുകാരുമാണ് വാസുവിനെ കോടതിയിലേക്ക് കൊണ്ടുപോയത്. പ്രതിയോട് ഒരു കൈയിൽ വിലങ്ങ് ധരിപ്പിക്കുന്ന കാര്യം അറിയിച്ചു. വാസുവിൻ്റെ അനുമതിയോടെയാണ് കൈവിലങ്ങ് ധരിപ്പിച്ചതെന്നും പൊലീസുകാര്‍ പറയുന്നു. സംഭവത്തില്‍ എആര്‍ കമാണ്ടൻ്റാണ് അന്വേഷണം നടത്തുന്നത്.

തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെന്‍ട്രൽ ജയിലിൽ നിന്നും വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊല്ലത്തെ വിജിലന്‍സ് കോടതിയിൽ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികള്‍ക്ക് വെക്കണമെന്ന് ബിഎൻഎസ് നിയമത്തിൽ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ നടപടിയാണിതെന്ന് സ്പെഷ്യൽ ബ്രാഞ്ച് ‍ഡിജിപിക്ക് റിപ്പോര്‍ട്ട് നൽകിയിട്ടുണ്ട്. നടപടിയിൽ ഡിജിപിക്കും അതൃപ്തിയുണ്ട്. പ്രതിയുടെ പ്രായം, ഏതൊക്കെ കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെട്ടവരെയാണ് കൈവിലങ്ങ് വെക്കേണ്ടത് തുടങ്ങിയ നിയമകാര്യങ്ങളൊന്നും പരിഗണിക്കാതെ കൈവിലങ്ങ് വെച്ചത് സര്‍ക്കാരിനും അവമതിപ്പുണ്ടാക്കിയെന്നാണ് പറയുന്നത്. എസ്ഐടി ഉദ്യോഗസ്ഥരും അറിയാതെയാണ് ഇത് നടന്നതെന്നും എആര്‍ ക്യാമ്പിലെ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സൂചന.

വാസുവിൻ്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ശബരിമല സ്വർണ കവർച്ചയിൽ പ്രതിയായ മുൻ ദേവസ്വം കമ്മീഷണറും പ്രസിഡൻ്റുമായ എൻ വാസുവിൻ്റെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിൻ്റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണ്ണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. കേസിൽ എൻ.വാസു മൂന്നാം പ്രതിയാണ്. വാസുവിൻ്റെ റിമാൻഡ് കാലാവധി ഇന്നലെ 14 ദിവസം കൂടി നീട്ടിയിരുന്നു. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലാണ് റിമാൻഡിൽ കഴിയുന്നത്. മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്.ബൈജുവിൻ്റെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും. റിമാൻഡിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ.പത്മകുമാറിനെ കസ്റ്റഡിയിൽ വേണമെന്ന എസ്ഐടിയുടെ അപേക്ഷ നാളെയാണ് പരിഗണിക്കുന്നത്. ഉണ്ണി കൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ വിശദമായ പരിശോധനയക്കാണ് പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങുന്നത്. മറ്റൊരു പ്രതിയായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷയിലും നാളെ വിധി പറയും.

PREV
Read more Articles on
click me!

Recommended Stories

പൊലീസും ആമീനും എത്തിയില്ല, മോഷണ പരാതിയിൽ പരിശോധന നടക്കാത്തതിനാൽ ജയിലിലേക്ക് മടങ്ങി മോൻസൺ മാവുങ്കൽ
ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമപരമായ പ്രശ്നങ്ങളില്ലെന്ന് കെ ജയകുമാർ