
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര് ജയിലിൽ. കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു. 14 ദിവസത്തേക്കാണ് തന്ത്രിയെ റിമാന്‍ഡ് ചെയ്തത്. ജയിലിൽ എത്തിച്ചപ്പോഴും തന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ നിരപരാധിയാണെന്നായിരുന്നു രാജീവരുടെ പ്രതികരണം. കുടുക്കിയതാണോയെന്ന ചോദ്യത്തിന് ഉറപ്പ് എന്നും തന്ത്രി മറുപടി നൽകി. നടപടികള്‍ക്കുശേഷം തന്ത്രിയെ ജയിലിലേക്ക് മാറ്റി. അതേസമയം,കേസിൽ തന്ത്രി രാജീവര് കൊല്ലം വിജിലന്‍സ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷ 13ന് പരിഗണിക്കും.
ഇന്ന് രാത്രിയോടെയാണ് കൊട്ടാരക്കരയിലെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജ് ഡോ.സിഎസ് മോഹിതിന് മുമ്പാകെ തന്ത്രിയെ എസ്ഐടി ഹാജരാക്കിയത്. ജഡ്ജിയുടെ ക്വാര്‍ട്ടേഴ്സിലാണ് തന്ത്രി രാജീവരെ എത്തിച്ചത്. തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.ഇന്ന് രാവിലെയാണ് തന്ത്രിയെ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ കസ്റ്റഡിയിലെടുക്കുന്നത്. മണിക്കൂറുകല്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഉച്ചയ്ക്കുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. ഇതിനുശേഷമാണ് കൊല്ലത്തേക്ക് കൊണ്ടുപോയത്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ കൊല്ലത്ത് നിന്ന് തന്ത്രിയെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിക്കുകയായിരുന്നു.
ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവര് ഗൂഢാലോചനയിൽ പങ്കാളിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. പ്രതിക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത എസ്ഐടി, ജാമ്യം നൽകിയാൽ ആത്മീയ പരിവേഷവും സ്വാധീനവും ഉപയോഗിച്ച് തെളിവ് നശിപ്പിക്കാൻ ഇടയുണ്ടെന്നും കോടതിയിൽ വാദിച്ചു. ഇതോടെയാണ് തന്ത്രിക്ക് ജാമ്യം നൽകാതെ റിമാന്‍ഡ് ചെയ്തത്. തന്ത്രി ഭക്തർക്ക് ഇടയിലും സമൂഹത്തിലെ ഉന്നത വ്യക്തികളുമായും അടുത്ത ബന്ധം സൂക്ഷിക്കുന്നയാളെന്ന് എസ്ഐടി ചൂണ്ടിക്കാട്ടി. ഉണ്ണികൃഷ്ണൻ പോറ്രിയും തന്ത്രിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണം. സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണം വേണം. ശബരിമലയിലെ സ്വത്തുക്കള്‍ തന്ത്രി അപഹരിച്ചു. ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും എസ്ഐടി വാദിച്ചു. പ്രതികളുടെ കൂട്ടുത്തരവാദിത്വത്തെകുറിച്ച് അന്വേഷണം വേണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു. തന്ത്രി ആചാര ലംഘനം നടത്തി ഗൂഢാലോചനയിൽ പങ്കാളിയായി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡ് നിർദേശ പ്രകാരം സ്വർണപ്പാളികൾ നൽകിയപ്പോൾ തന്ത്രി തടഞ്ഞില്ല. ഇതിന് മൗനാനുവാദം കൊടുത്തു. ദേവസ്വം മാനുവൽ പ്രകാരം തന്ത്രി ക്ഷേത്ര ചൈതന്യം കാത്തു സൂക്ഷിക്കാൻ ബാധ്യസ്ഥനാണെന്നും എസ്ഐടിയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam