കാസര്‍കോട് നിന്ന് പത്തനംതിട്ടയിലേക്ക് രഥയാത്രയുമായി ശബരിമല കര്‍മ്മസമിതി

By Web TeamFirst Published Jul 4, 2019, 3:23 PM IST
Highlights

യുവതീപ്രവേശനത്തിനെതിരെ എന്‍കെ പ്രേമചന്ദ്രന്‍ കൊണ്ടു വന്ന സ്വകാര്യബില്‍ ഗുണകരമല്ലെന്നും ശബരിമല കര്‍മ്മസമിതി

പത്തനംതിട്ട: മൂന്നു മാസത്തോളമായി നിശ്ചലമായിരുന്ന സമര-പ്രചാരണ പരിപാടികള്‍ വീണ്ടും ശക്തമാക്കാനൊരുങ്ങി ശബരിമല കര്‍മ്മസമിതി. ഇന്ന് പന്തളത്ത് ചേര്‍ന്ന സംസ്ഥാന സമിതിയോഗത്തിലാണ് സംഘടനയെ വീണ്ടും സജീവമാക്കി രംഗത്തിറക്കാന്‍ തീരുമാനിച്ചത്. 

ശബരിമല യുവതീ പ്രവേശന വിധി തിരുത്തപ്പെടേണ്ടത് തന്നെയാണെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ശബരിമല കർമ്മ സമിതി കൺവീനർ എസ്.ജെ.ആർ കുമാർ പറഞ്ഞു. പൊതു സ്ഥലത്തിന്റെ നിർവചനത്തിൽ ഹിന്ദു ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയതും മാറ്റേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 

ഹിന്ദു സമൂഹത്തിന്‍റെ കാര്യത്തില്‍ ഉന്മൂലകരമായ നിലപാട് എടുക്കുന്ന സർക്കാർ ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ വ്യത്യസ്ത നിലപാടാണ് എടുക്കുന്നത്. പള്ളിതർക്കത്തില്‍ കോടതി വിധി നടപ്പാക്കാത്തത് ഇതിന് തെളിവാണ്. ശബരിമല യുവതീപ്രവേശനത്തിനെതിരെ എന്‍കെ പ്രേമചന്ദ്രന്‍ കൊണ്ടു വന്ന സ്വകാര്യബില്‍ ഗുണകരമല്ലെന്ന് എസ്ജെആര്‍ കുമാര്‍ പറഞ്ഞു. 

ഭരണഘടന അനുസരിച്ച് യുവതീപ്രവേശനത്തിനായി നിയമം വേണം. ഇതിനായി അഭിഭാഷകരുമായി ചർച്ച ചെയ്ത് കരട് തയ്യാറാക്കി കേന്ദ്ര സർക്കാരിന് കൈമാറും. ഇതിനായി കർമ്മ സമിതി പ്രതിനിധി സംഘം കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കും നിവേദനം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഒക്ടോബറിൽ കര്‍മസമിതിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും രഥയാത്ര സംഘടിപ്പിക്കും. നവംബറിൽ കാസർകോട് നിന്ന് പത്തനംതിട്ട വരെ രഥയാത്ര സംഘടിപ്പിക്കും. ഇതോടൊപ്പം അയ്യപ്പസേവാ സമാജത്തിന്‍റെ നേതൃത്വത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലും രഥയാത്ര നടത്തും. അനുകൂല വിധി ഉണ്ടായില്ലെങ്കിൽ ദേശീയ വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും എസ്ജെആര്‍ കുമാര്‍ അറിയിച്ചു. 

click me!