
പത്തനംതിട്ട: ശബരിമലയിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാതെ ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. പമ്പയിൽ മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാർ സത്രം എന്നിവിടങ്ങളിലാണ് തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യമുള്ളത്.
ആധാർ കാർഡുമായി ഈ കേന്ദ്രങ്ങളിലെത്തിയാൽ ഫോട്ടോ ഉൾപ്പടെ എടുത്ത് വെർച്ച്വൽ ക്യൂവിന്റെ അതേ നടപടിക്രമങ്ങളിലൂടെ ബുക്കിങ് നടത്തി ഭക്തരെ കയറ്റിവിടുകയാണ് ചെയ്യുക. പുല്ല്‌മേട് വഴി വരുന്ന തീർത്ഥാടകർക്ക് വണ്ടിപ്പെരിയാറിലുള്ള സത്രത്തിലെ തത്സമയ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും.
നിലവിൽ ദിനം പ്രതി 70,000 പേർക്കാണ് വെർച്ച്വൽ ക്യൂ ബുക്കിങ് നൽകുന്നത്. കൂടാതെ തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താനാകും. നിലവിൽ ശബരിമലയിലെത്തുന്ന എല്ലാവർക്കും ദർശന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പ ഭക്തർ എത്തുമ്പോൾ ആധാർ കാർഡ് അല്ലെങ്കിൽ ആധാർ കാർഡിന്റെ കോപ്പി, വെർച്ച്വൽ ക്യൂ ബുക്കിങ്ങിന് ലഭിക്കുന്ന സ്ലിപ്പ്, അല്ലെങ്കിൽ ഫോണിൽ അതിന്റെ പിഡിഎഫ് എന്നിവ കരുതണമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലന്‍സുകള്‍ക്ക് പുറമേയാണ് ഈ യൂണിറ്റുകള്‍ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികള്‍ക്ക് പുറമേ പമ്പ മുതല്‍ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam