
പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു.
തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ ശുദ്ധിക്രിയകൾ വൈകുന്നേരം 6. 30ന് ആരംഭിച്ചു. ശനിയാഴ്ച പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പ്രത്യേക പൂജകൾ നടക്കും. ജൂലൈ 13ന് പകൽ 11നും 12നും മദ്ധ്യേയുള്ള കന്നി രാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. പ്രതിഷ്ഠ ദിനത്തിൽ രാവിലെ ഗണപതി ഹോമം, ശൈയ്യയിൽ ഉഷപൂജ, മരപ്പാണി തുടങ്ങിയ ചടങ്ങുകൾക്ക് ശേഷമാണ് പ്രതിഷ്ഠാ കർമ്മം.
മാളികപ്പുറത്തിന് സമീപമാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമ്മിക്കുന്നത്. നിലവിലുള്ള നവഗ്രഹ ശ്രീകോവിൽ കൂടുതൽ അഭികാമ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിക്കണം എന്ന ദേവപ്രശ്ന വിധി അനുസരിച്ചാണ് പുതിയ നവഗ്രഹ ശ്രീകോവിൽ നിർമ്മിച്ചത്. പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകൾ പൂർത്തിയാക്കി ജൂലൈ 13ന് രാത്രി 10 മണിയ്ക്ക് നട അടയ്ക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam