
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എകെ സുധീർ നമ്പൂതിരി ശ്രീകോവിലിൽ ദീപം തെളിച്ചു. കൊവിഡ് മാനദണ്ഡങ്ങളോടെ നാളെ മുതൽ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും. 250 പേർക്കാണ് പ്രതിദിനം ദർശനത്തിനുള്ള അനുമതി. കേരള പൊലീസിന്‍റെ വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്കാണ് ദർശനത്തിന് അവസരം. നിലയ്ക്കലിൽ ഭക്തരെ ആന്‍റിജൻ പരിശോധനയ്ക്ക് വിധേയമാക്കും. തുലാം ഒന്നായ നാളെ രാവിലെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും.
ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ആചാരപ്രകാരമുള്ള സാധനങ്ങള്‍ കൂടാതെ പരമാവധി കുറച്ച് സാധനങ്ങള്‍ മാത്രമേ കൊണ്ടുവരാവൂ എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു. സാനിറ്റൈസര്‍, കൈയ്യുറകള്‍ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരികയും ഉപയോഗിക്കുകയും വേണം. നല്ല ഗുണനിലവാരമുള്ളതും വീണ്ടും ഉപയോഗിക്കാവുന്നതുമായ മാസ്‌ക്കുകള്‍ കരുതണം. ഭക്തർ സാമൂഹിക അകലം പാലിക്കണം. കൂട്ടമായി നടക്കാനോ മല കയറാനോ പാടില്ല.
ദര്‍ശനത്തിന് എത്തുന്നവര്‍ 48 മണിക്കൂറിനകം ലഭ്യമായ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ടതാണ്. കൂടാതെ മലകയറാന്‍ പ്രാപ്തരാണെന്ന് സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൂടെ കരുതണമെന്ന് സംസ്ഥാന പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam