
ദില്ലി: മതാചാരങ്ങളിലെ സർക്കാര്‍ ഇടപെടലിന് പൊതു മാർഗ്ഗനിർദേശം പുറപ്പെടുവിക്കാനാകില്ലെന്ന് സുപ്രീം കോടതി. ശബരിമല യുവതി പ്രവേശനവിധി പുനഃപരിശോധന കേസിലെ വാദം കേള്‍ക്കലിനിടെയാണ് ഭരണഘടനാ ബെഞ്ചിന്‍റെ നിരീക്ഷണം. സാമൂഹിക പരിഷ്കരണത്തിന്റെ പേരിൽ ആചാരങ്ങളിൽ സർക്കാരിന് എപ്പോള്‍ ഇടപെടാമെന്നതിൽ മുൻകൂട്ടി കോടതികൾ നിർദ്ദേശങ്ങളുണ്ടാക്കുന്നത് പ്രായോഗികമല്ലെന്നും പ്രയാസമാണെന്നും ഭരണഘടന ബെഞ്ച് വ്യക്തമാക്കി. ഓരോ കേസിന്റെയും സാഹചര്യം പരിഗണിച്ചേ ഇത്തരം കേസുകളില്‍ തീരുമാനമെടുക്കാനാകു എന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. സർക്കാരിന്റെ ഭരണഘടനാപരമായ കടമകൾ പ്രധാനമാണ് എന്നതുപോലെ വ്യക്തികളുടെ മതസ്വാതന്ത്ര്യവും നിർണ്ണായകമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു. യുവതി പ്രവേശനവിധി പുനഃപരിശോധന കേസിലെ ഹർജികളിൽ നാളെയും വാദം തുടരും.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളിൽ 9 അംഗ ഭരണഘടന ബെഞ്ചാണ് വാദം കേൾക്കുന്നത്. മൗലികാവകാശവും മത സ്വാതന്ത്യവും ഉൾപ്പെടെ പ്രധാനപ്പെട്ട വിഷയങ്ങളാണ് ബെഞ്ച് വാദം കേൾക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നൽകുന്ന ഭരണഘടന ബഞ്ചിൽ ജഡ്ജിമാരായ എം എം സുന്ദരേഷ്, എ അമാനുള്ള, ആരവിന്ദ് കുമാർ, എ ജെ മസീഹ്, പി ബി വരാലെ, ആർ മഹാദേവൻ, ജോയ്മാല ബാഗ്ചി, ജസ്റ്റിസ് ബി വി നാഗരത്ന എന്നുവരാണുള്ളത്. ശബരിമലയിൽ യുവതികളെ എന്നതിൽ കൃതൃമായ നിലപാട് പറയാതെയാണ് നേരത്തെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. യുവതിപ്രവേശനത്തിന് അനൂകൂലമായി സ്വീകരിച്ച നയം വിഴുങ്ങിയായിരുന്നു സംസ്ഥാനം നൽകിയ പുതിയ സത്യവാങ്മൂലമെന്നതും വലിയ ശ്രദ്ധ നേടിയിരുന്നു. 2018 ലെ ശബരിമല യുവതി പ്രവേശന വിധിയെ എതിർക്കുന്നവരുടെ വിഭാഗത്തിലായിരുന്നു സംസ്ഥാനത്തെ ആദ്യം ഉൾപ്പെടുത്തിയിരുന്നത്. ഈ നിലപാട് മാറ്റിക്കൊണ്ട് പുനപരിശോധനയെ അനുകൂലിക്കുന്ന വിഭാഗത്തിലേക്ക് തങ്ങളെ മാറ്റണമെന്ന നിലപാടാണ് വിശദവാദം തുടങ്ങും മുന്നേ സർക്കാർ കോടതിയെ അറിയിച്ചത്. യുവതിപ്രവേശനത്തിൽ മതപണ്ഡിതരുടെയും സാമൂഹികനേതാക്കളുടെ സമിതി രൂപീകരിച്ച് അഭിപ്രായം തേടണമെന്നും സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam