'തൃക്കാക്കരയില്‍ നിലപാട് ഉടന്‍'; സഖ്യത്തിന് വ്യക്തമായ നയവും നിലപാടും ഉണ്ടാകുമെന്ന് സാബു എം ജേക്കബ്

Published : May 16, 2022, 07:05 AM ISTUpdated : May 16, 2022, 07:09 AM IST
'തൃക്കാക്കരയില്‍ നിലപാട് ഉടന്‍'; സഖ്യത്തിന് വ്യക്തമായ നയവും നിലപാടും ഉണ്ടാകുമെന്ന് സാബു എം ജേക്കബ്

Synopsis

ആര് വലുത് ആര് ചെറുത് എന്ന് ജനക്ഷേമ സഖ്യത്തില്‍ മത്സരമില്ല. സഖ്യത്തിന് കൃത്യമായ നയവും നിലപാടും ഉണ്ടാകുമെന്നും സാബു എം ജേക്കബ് പറഞ്ഞു.

കൊച്ചി: ആം ആദ്മിയും ട്വന്‍റി ട്വന്‍റിയും പ്രഖ്യാപിച്ച  ജനക്ഷേമ സഖ്യം തൃക്കാക്കരയില്‍ കൃത്യമായ നിലപാട് ഉടന്‍ പ്രഖ്യാപിക്കുമെന്ന് സാബു എം ജേക്കബ് (Sabu M Jacob). എഎപിയിലും ട്വന്‍റി ട്വന്‍റിയിലും ധാരണ ആയിട്ടുണ്ട്. അധികാരതര്‍ക്കമുണ്ടാകില്ല. ആര് വലുത് ആര് ചെറുത് എന്ന് ജനക്ഷേമ സഖ്യത്തില്‍ മത്സരമില്ല. സഖ്യത്തിന് കൃത്യമായ നയവും നിലപാടും ഉണ്ടാകുമെന്നും സാബു എം ജേക്കബ് പറഞ്ഞു.

നാലു പതിറ്റാണ്ടിലേറെയായി എല്‍ഡിഎഫിനും യുഡിഎഫിനും ചുറ്റും കറങ്ങുന്ന സംസ്ഥാന രാഷ്ട്രീയത്തിന് ബദല്‍ ഉയര്‍ത്താനാണ് ആപ്, ട്വന്‍റി ട്വന്‍റി ശ്രമം. 2015 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് കിഴക്കമ്പലത്ത് ട്വന്‍റി ട്വന്‍റി എന്ന പ്രാദേശിക കൂട്ടായ്മ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് കളഞ്ഞത്. എല്‍ഡിഎഫിനെയും യുഡിഎഫിനെയും ബിജെപിയെയും നിഷ്പ്രഭരാക്കിയായിരുന്നു ട്വന്‍റി ട്വന്‍റിയുടെ കിഴക്കമ്പലം വിജയം. 2020 ലേക്കെത്തിയപ്പോള്‍ സമീപത്തെ മൂന്ന് പഞ്ചായത്തുകളിലേക്കും വിജയം വ്യാപിപ്പിക്കാന്‍ ട്വന്‍റി ട്വന്‍റിക്ക് കഴിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ മല്‍സരിച്ച മണ്ഡലങ്ങളിലെല്ലാം മികച്ച വോട്ടു മുന്നേറ്റമുണ്ടാക്കാനും ട്വന്‍റി ട്വന്‍റിക്കായതോടെയാണ് എ‍ല്‍ഡിഎഫിനും യുഡിഎഫിനും എതിരെയൊരു ബദല്‍ രാഷ്ട്രീയത്തിന് കേരളത്തില്‍ സാധ്യതയുണ്ടെന്ന ചിന്ത തന്നെ ഉയര്‍ന്നത്.

കാര്യമായി സംഘടനാ സംവിധാനമില്ലാതിരുന്നിട്ടും ദക്ഷിണേന്ത്യയിലെ ആദ്യ രാഷ്ട്രീയ പരീക്ഷണത്തിന് കേരളം തിരഞ്ഞെടുക്കാന്‍ അരവിന്ദ് കെജ്രിവാളിനെ പ്രേരിപ്പിച്ചതും ട്വന്‍റി ട്വന്‍റി മുന്നേറ്റമാണ്. മൂന്നു പതിറ്റാണ്ടിലേറെക്കാലം സംസ്ഥാനത്ത് ശക്തമായ സംഘടനാ പ്രവര്‍ത്തനം നടത്തിയിട്ടും ഏറ്റവും അനുകൂല സാഹചര്യത്തില്‍ പോലും ബിജെപിക്ക് സമാഹരിക്കാനായത് 20 ശതമാനത്തോളം വോട്ടുകളാണ്. എന്നിട്ടും ഇക്കാലത്തിനിടെ ഒരൊറ്റ നിയമസഭ സീറ്റു മാത്രമാണ് ബിജെപിക്ക് കിട്ടിയത്. ഈ വസ്തുത മുന്നില്‍ നില്‍ക്കുന്നതു കൊണ്ട് തന്നെയാണ് യുഡിഎഫിനും എല്‍ഡിഎഫിനുമെതിരെ മറ്റൊരു ബദല്‍ ഉയര്‍ത്താനുളള ശ്രമത്തിന്‍റെ വിജയ സാധ്യതയില്‍ സംശയം ഉയരുന്നത്. 

PREV
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ