കെ സുധാകരന് വട്ടാണെന്ന് പറയുന്നില്ല, പക്ഷേ അസുഖമുള്ളയാൾക്ക് മരുന്ന് നൽകണമെന്നും സജി ചെറിയാൻ

By Web TeamFirst Published Nov 15, 2022, 12:33 PM IST
Highlights

സുധാകരന്റെ പരാമർശങ്ങളിൽ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം : കെ സുധാകരന് വട്ടാണെന്ന് പറയുന്നില്ലെന്നും പക്ഷേ അസുഖമുള്ളയാൾക്ക് മരുന്ന് നൽകണമെന്നും സജി ചെറിയാൻ. ഇല്ലെങ്കിൽ അസുഖം കൂടും. അതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും ആർഎസ്എസ് അനുകൂല പ്രസ്താവന വിവാദമായ പശ്ചാത്തലത്തിൽ സജി ചെറിയാൻ പറഞ്ഞു. കെ സുധാകരൻ ഉടൻ ആർഎസ്എസിൽ പോകും. അതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത് . സുധാകരന്റെ പരാമർശങ്ങളിൽ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം. കോൺഗ്രസ് ആർഎസ്എസിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സജി ചെറിയാൻ പറഞ്ഞു. 

കെഎസ്‍യു നേതാവായിരിക്കെ സിപിഎം ആക്രമണങ്ങളില്‍ നിന്ന് ആര്‍എസ്‍എസ് ശാഖകള്‍ക്ക് താന്‍ സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന സുധാകരന്‍റെ പരാമര്‍ശം യുഡിഎഫിനുള്ളിൽ സൃഷ്ടിച്ചത് കടുത്ത അതൃപ്തിയാണ്. ഇതിന് പിന്നാലെയാണ് ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ചുള്ള പരാമ‌ർശങ്ങളും വിവാദമായത്. ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ തന്റെ ഒന്നാം മന്ത്രിസഭയിൽ മന്ത്രിയാക്കി വർഗീയ ഫാസിസത്തോട്  സന്ധി ചെയ്യാൻ നെഹ്റു തയ്യാറായെന്നായിരുന്നു സുധാകരന്റെ പരാമർശം. 

''ആർ.എസ്.എസ് നേതാവ്  ശ്യാമപ്രസാദ് മുഖർജിയെ  സ്വന്തം കാബിനറ്റിൽ മന്ത്രിയാക്കാൻ ജവഹർലാൽ നെഹ്റു മനസു കാണിച്ചു. വർഗീയ ഫാസിസത്തോട് സന്ധി ചെയ്യാൻ തയ്യാറായി കൊണ്ടാണ് നെഹ്റു ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇതെല്ലാം നെഹ്റുവിൻ്റെ ഉയർന്ന ജനാധിപത്യ മൂല്യ ബോധമാണ് കാണിക്കുന്നത്. ഒരു നേതാക്കളും ഇതൊന്നും ചെയ്യില്ലെന്നായിരുന്നു'' കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്റെ പരാമർശം. 

സുധാകരൻ്റെ മനസ്സ് ബിജെപിക്ക് ഒപ്പമാണെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ബിജെപിക്ക് കോൺഗ്രസിന്റെ സംരക്ഷണം വേണ്ടെന്നും കോൺഗ്രസിന് സംരക്ഷണം വേണമെങ്കിൽ നൽകാമെന്നും സുരേന്ദ്രൻ പറഞ്ഞു.  സമാന ചിന്താഗതിക്കാർ ഒരുപാട് കോൺ​ഗ്രസിലുണ്ട്. കോൺഗ്രസിന് വേറെ ഓപ്ഷൻ ഇല്ലെന്നും ജനങ്ങൾ അവരെ കൈയോഴിയുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കെ സുധാകരന്റെ അഭിപ്രായം മറ്റ് നേതാക്കൾക്കുമുണ്ട്. കെപിസിസി പ്രസിഡന്റിനെ ബിജെപിയിലേക്ക് ക്ഷണിക്കുന്നില്ല. പക്ഷെ അവർ അരക്ഷിതരാണ്. ഇവിടെ ഓഫറുകൾ ഒന്നും നൽകാൻ ഇല്ലാത്തതിനാലാണ് കോൺഗ്രസ്സ് നേതാക്കൾ ബിജെപിയിലേക്ക് വരാത്തത്. പദവികൾ നൽകാൻ കഴിയുമെങ്കിൽ സ്ഥിതി മറിച്ച് ആകുമായിരുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read More : കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പരാമർശം: ആലപ്പുഴയിൽ കോൺഗ്രസ് നേതാവ് രാജിവെച്ചു

click me!