പിടിച്ച ശമ്പളം ഉടൻ മടക്കിനൽകുമെങ്കിൽ ആറ് മാസം കൂടി സാലറി കട്ടാവാമെന്ന് എൻജിഒ യൂണിയൻ

By Web TeamFirst Published Sep 22, 2020, 10:29 PM IST
Highlights

അടുത്ത പത്ത് മാസം മൂന്ന് ദിവസത്തെ വീതം വേതനം പിടിക്കാമെന്നും കുറഞ്ഞ വരുമാനമുള്ളവരെ ഒഴിവാക്കാമെന്നും ധനമന്ത്രി അറിയിച്ചു. ശമ്പളം പിടിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുന്നില്ല. 

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഇതുവരെ പിടിച്ച ഒരു മാസത്തെ വേതനം ഉടൻ തിരികെ നൽകണമെന്ന് എൻജിഒ യൂണിയൻ ആവശ്യപ്പെട്ടു. അത് ഉടൻ തിരികെ നൽകുകയാണെങ്കിൽ അടുത്ത ആറ് മാസത്തെ ശമ്പളം ഇളവുകളോടെ പിടിക്കാൻ അനുവദിക്കുമെന്നും എൻജിഒ യൂണിയൻ വ്യക്തമാക്കി. ഇന്ന് ചേർന്ന യോഗത്തിൽ ജീവനക്കാരുടെ സംഘടനകൾക്ക് മുന്നിൽ വ്യത്യസ്ത ഉപാധികളാണ് സംസ്ഥാന സർക്കാർ വച്ചത്. 

പിടിച്ചെടുത്ത ശമ്പളം സർക്കാർ വായ്പ എടുത്ത്  ഉടൻ നൽകും, പക്ഷെ ആറ് മാസം കൂടി സഹകരിക്കണമെന്നാണ് ഒന്നാമത്തെ ഉപാധി. അല്ലെങ്കിൽ അടുത്ത പത്ത് മാസം മൂന്ന് ദിവസത്തെ വീതം വേതനം പിടിക്കാമെന്നും കുറഞ്ഞ വരുമാനമുള്ളവരെ ഒഴിവാക്കാമെന്നും ധനമന്ത്രി അറിയിച്ചു. ശമ്പളം പിടിക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുന്നില്ല. 

തീരുമാനം ആലോചിച്ച് അറിയിക്കാമെന്ന് സിപിഎം അനുകൂല സംഘടനയായ എൻജിഒ യൂണിയൻ നേതാക്കൾ അറിയിച്ചു. ഉപാധികൾ സാമ്പത്തിക പ്രതിസന്ധിയില്ലാത്തതിന്റെ തെളിവാണെന്നും പണിമുടക്കുമായി മുന്നോട്ട് പോകുമെന്നും എൻജിഒ അസോസിയേഷൻ പ്രസിഡന്റ് ചവറ ജയകുമാർ പറഞ്ഞു. ഇടതു സർക്കാർ ജീവനക്കാരെ വേട്ടയാടുകയാണെന്നും ശമ്പളം ഔദാര്യമല്ല,  അവകാശമാണെന്നും എൻജിഒ സംഘ് നേതാവ് ടിഎൻ രമേശ് പറഞ്ഞു. സെപ്റ്റംബർ 24 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും, 24 മുതൽ 30 വരെ പ്രതിഷേധവാരം ആചരിക്കും. സംസ്ഥാന വ്യാപകമായി വിപുലമായ ഓഫീസ് കാമ്പയിനുകളും സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

click me!