മുപ്പതിലധികം കലാരൂപങ്ങള്‍, 300ല്‍ പരം കലാകാരന്‍മാര്‍; സമഭാവന മള്‍ട്ടിമീഡിയ മെഗാഷോ നാളെ

By Web TeamFirst Published Feb 26, 2019, 8:59 PM IST
Highlights

വയലാറിന്‍റെ 'എനിക്ക് മരണമില്ല' എന്ന കവിത പൂരക്കളിയായും അയ്യപ്പപ്പണിക്കരുടെ 'നാടെവിടെ മക്കളെ' കോല്‍ക്കളിയായും ആശാന്‍റെ 'ദുരവസ്ഥ' വില്‍പ്പാട്ടായും ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' കഥാപ്രസംഗമായും രംഗത്തെത്തുമെന്നതാണ് പ്രധാന സവിശേഷത. 

തിരുവനന്തപുരം: മുപ്പതിലധികം കലാരൂപങ്ങളും 300ല്‍ പരം കലാകാരന്‍മാരും അരങ്ങിലെത്തുന്ന സമഭാവന മള്‍ട്ടീമീഡിയ മെഗാഷോയ്ക്ക് തലസ്ഥാനമൊരുങ്ങി. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍റെ അധ്യക്ഷതയില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമഭാവനയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ഉദ്ഘാടന ശേഷം കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയ ദൃശ്യ- ശ്രാവ്യ വിരുന്ന് വേദിയിലെത്തും.  

എഴുത്തച്ഛന്‍ മുതല്‍ ഒ എന്‍  വി വരെയുള്ള കാവ്യാചാര്യന്മാരുടെ വിഖ്യാത കവിതകളെ മലയാളിയുടെ പ്രിയ കലാരൂപങ്ങളുടെ ഈണത്തിലും താളത്തിലും ചിട്ടപ്പെടുത്തിയ മള്‍ട്ടീമീഡിയ മെഗാഷോയാണ് സമഭാവന. വയലാറിന്‍റെ 'എനിക്ക് മരണമില്ല' എന്ന കവിത പൂരക്കളിയായും അയ്യപ്പപ്പണിക്കരുടെ 'നാടെവിടെ മക്കളെ' കോല്‍ക്കളിയായും ആശാന്‍റെ 'ദുരവസ്ഥ' വില്‍പ്പാട്ടായും ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' കഥാപ്രസംഗമായും രംഗത്തെത്തും. നാടകപ്രേമികള്‍ക്കായി 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകത്തിന്‍റെ പ്രസക്തഭാഗങ്ങളും നാടകഗാനങ്ങളും സമഭാവനയുടെ ഭാഗമാകും.

സമഭാവന മള്‍ട്ടിമീഡിയ മെഗാഷോ രൂപകല്‍പന ചെയ്തിരിക്കുന്നത് സംവിധായകന്‍ പ്രമോദ് പയ്യന്നൂരാണ്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്‌മെന്റിന്‍റെ സഹകരണത്തോടെ സാംസ്‌കാരിക വകുപ്പ് അവതരിപ്പിക്കുന്ന സമഭാവന അണിയിച്ചൊരുക്കുന്നത് ഭാരത് ഭവനാണ്.  
 

click me!