വഖഫ് ബോർഡ് നിയമന വിവാദം: സമസ്ത നിലപാട് ഏകകണ്ഠമെന്ന് നേതാക്കൾ

By Web TeamFirst Published Dec 4, 2021, 5:49 PM IST
Highlights

വിഷയം സംബന്ധിച്ച് സമസ്തയുടെ നേതാക്കളുമായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അനുകൂല നിലപാട് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേതാക്കൾ

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ട വിഷയത്തിൽ നിലപാട് ഏകകണ്ഠമെന്ന് സമസ്ത. ഇക്കാര്യത്തില്‍ സംഘടനയില്‍ ആശയക്കുഴപ്പമില്ലെന്നും, മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സമസ്ത  പ്രസിഡന്റ്  മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

വഖഫ് ബോര്‍ഡ് നിയമനം പി‌എസ്‌സിക്കുവിട്ട നടപടി പുന:പരിശോധിക്കണമെന്ന് സമസ്ത അംഗീകരിച്ച പ്രമേയത്തില്‍ നേരത്തെ ആവശ്യപ്പെട്ടതാണ്. മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയോടൊപ്പം സമസ്ത സഹകരിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച പള്ളികളില്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രഭാഷണം ചില രാഷ്ട്രീയ വിവാദങ്ങള്‍ക്കും മഹല്ലുകളില്‍ കുഴപ്പങ്ങള്‍ക്കും കാരണമാകുമെന്നതിനാലാണ് ഒഴിവാക്കേണ്ടതാണെന്ന പ്രഖ്യാപനം സമസ്ത പ്രസിഡന്റ്  നടത്തിയതെന്നും വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.

വിഷയം സംബന്ധിച്ച് സമസ്തയുടെ നേതാക്കളുമായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അനുകൂല നിലപാട് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്ത പക്ഷം സമസ്ത തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ,  വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ എന്നിവർ കൂടി പുറപ്പെടുവിച്ച സംയുക്ത വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.
 

click me!