മരടിലെ ഫ്ലാറ്റ് പൊളിക്കല്‍ : ശരത് ബി സർവാതെ പരിശോധന നടത്തി, കരാര്‍ ആര്‍ക്കൊക്കെ എന്ന് ഇന്ന് തീരുമാനിച്ചേക്കും

By Web TeamFirst Published Oct 11, 2019, 1:05 PM IST
Highlights

അന്തിമ പട്ടികയിൽ ഉള്ള കമ്പനികളുമായി ചർച്ച നടത്തിയ ശേഷം ആയിരിക്കും ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള കരാർ ആർക്കു നൽകണമെന്നും എങ്ങനെ പൊളിക്കണം എന്നും തീരുമാനം ഉണ്ടാകുക. 
 

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നത് സംബന്ധിച്ച് ഉപദേശം നൽകാൻ ഇൻഡോറിൽ നിന്നെത്തിയ വിദഗ്‍ധൻ ശരത് ബി സർവാതെ ഫ്ലാറ്റുകൾ പരിശോധിച്ചു. പൊളിക്കലിന് കരാർ നൽകേണ്ട കമ്പനികളെ  ഇന്ന് തീരുമാനിച്ചേക്കും.

രാവിലെ മരട് നഗരസഭയിൽ എത്തിയ ശരത് ബി സർവാതെ സർക്കാർ നിയോഗിച്ച സാങ്കേതിക സമിതി അംഗങ്ങളുമായും സബ് കളക്ടർ സ്നേഹിൽ കുമാറുമായും ചർച്ച നടത്തി. ഇതിനു ശേഷമാണ് ഫ്ലാറ്റുകൾ പരിശോധിക്കാൻ എത്തിയത്. ഗോൾഡൻ കായലോരം ഫ്ലാറ്റ് ആണ് ആദ്യം പരിശോധിച്ചത്. സാങ്കേതിക സമിതി അംഗങ്ങളും ഒപ്പം ഉണ്ടായിരുന്നു. നാലു ഫ്ലാറ്റുകളും സംഘം പരിശോധിച്ചു. അന്തിമ പട്ടികയിൽ ഉള്ള കമ്പനികളുമായി ചർച്ച നടത്തിയ ശേഷം ആയിരിക്കും ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള കരാർ ആർക്കു നൽകണമെന്നും എങ്ങനെ പൊളിക്കണം എന്നും തീരുമാനം ഉണ്ടാകുക. 

ഇതിനിടെ, അന്തിമ പട്ടികയിലുള്ള മുംബൈ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന എഡിഫൈസ് കമ്പനി യിൽ നിന്നുള്ള സാങ്കേതിക വിദഗ്‍ധരും ഫ്ലാറ്റുകൾ പരിശോധിച്ചു. ഇവരുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ദക്ഷിണ ആഫ്രിക്കയിലെ ജെറ്റ് ഡെമോളിഷൻ കമ്പനി പ്രതിനിധികളും ഒപ്പം ഉണ്ടായിരുന്നു. നിയന്ത്രിത സ്ഫോടനത്തിലൂടെ തന്നെ ഫ്ലാറ്റുകൾ പൊളിക്കും എന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു.  രണ്ടുമാസത്തിനുള്ളിൽ തന്നെ ഫ്ളാറ്റുകള്‍ പൊളിച്ചു തീർക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജെറ്റ് ഡെമോളിഷൻസ് പ്രതിനിധി  ജോ ബ്രിംഗ്മാൻ പറഞ്ഞു.

സ്ഫോടനം നടത്തുമ്പോൾ സമീപത്തുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുമോ എന്ന കാര്യവും പരിശോധിക്കും. പൊളിക്കൽ സംബന്ധിച്ച കാര്യങ്ങൾ  സബ് കളക്ടർ നാളെ നഗരസഭ കൗൺസിലിൽ വിശദീകരിക്കും. അതേസമയം, ഫ്ലാറ്റുകൾ പൊളിക്കുന്നതിലെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

click me!