ജയിലിൽ ഭീഷണി, ചില നേതാക്കളുടെ പേര് പറയാൻ നിർബന്ധിച്ചെന്നും സ്വർണക്കടത്ത് കേസ് പ്രതി സരിത്

By Web TeamFirst Published Jul 9, 2021, 10:36 PM IST
Highlights

ജയിൽ അധികൃതർ നിർബന്ധിച്ചതായാണ് സരിത് കോടതിയോട് പറഞ്ഞത്. റിമാന്റ് പുതുക്കുന്നതിനായി ഓൺലൈൻ വഴി ഹാജരാക്കിയപ്പോഴാണ് സരിത് പരാതിപ്പെട്ടത്

തിരുവനന്തപുരം: ജയിലിൽ ഭീഷണിയെന്ന് സ്വർണക്കടത്തിലെ പ്രധാന പ്രതി സരിതിന്റെ പരാതി. പൂജപ്പുര സെൻട്രൽ ജയിലിൽ റിമാന്റിൽ കഴിയുകയാണ് ഇയാൾ. എൻഐഎ കേസിൽ റിമാന്റ് പുതുക്കാൻ കോടതിയിൽ ഓൺലൈനായി ഹാജരാക്കിയപ്പോഴാണ് സരിത് അഭിഭാഷകൻ മുഖേന ഇക്കാര്യം കോടതിയെ അറിയിച്ചത്. ജയിലിൽ നിരന്തരം ഭീഷണിയുണ്ടെന്നും ചില നേതാക്കളുടെ പേര് പറയാൻ നിർബന്ധിക്കുന്നുവെന്നും പരാതിയിലുണ്ട്.

ജയിൽ അധികൃതർ നിർബന്ധിച്ചതായാണ് സരിതിന്റെ അഭിഭാഷകൻ കോടതിയോട് പറഞ്ഞത്. റിമാന്റ് പുതുക്കുന്നതിനായി ഇന്ന് ഓൺലൈൻ വഴി സരിതിനെ കോടതിയിൽ ഹാജരാക്കിയിരുന്നു. എല്ലാ കാര്യങ്ങളും ഓൺലൈൻ വഴി പറയാൻ ആകില്ലെന്നും, കോടതി മുൻപാകെ നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്നും സരിത് ആവശ്യപ്പെട്ടു. ബന്ധുക്കൽ നൽകിയ വിവരം അനുസരിച്ചാണ് പരാതി നൽകിയതെന്ന് സരിതിന്റെ അഭിഭാഷകൻ പറഞ്ഞു.

സരിതിന്റെ ആവശ്യം പരിഗണിച്ച കോടതി നാളെ രാവിലെ 11മണിക്ക് എൻഐഎ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ ഉത്തരവിട്ടു. ജയിലിൽ സരിതിന് മാനസിക, ശാരീരിക പീഡനം ഉണ്ടാകരുതെന്നു ജയിൽ സൂപ്രണ്ടിന് കർശന നിർദ്ദേശവും നൽകി. പ്രത്യേക സിറ്റിംഗ് നടത്തി കോടതി കേസ് കേൾക്കും. സരിത് ഏറെ ഗൗരവമുള്ള പരാതികൾ ഉന്നയിച്ചെന്നാണ് വിവരം. ചില ദേശീയ നേതാക്കളുടെയും ബിജെപി, കോൺഗ്രസ് നേതാക്കളുടെയും പേര് പറയാൻ സമ്മർദ്ദമുണ്ടെന്നാണ് സൂചന.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!