ആരോഗ്യവകുപ്പിലെ വീഴ്ചകളിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിൽ നിയമസഭയിൽ ചര്‍ച്ച ആരംഭിച്ചു. സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവ് എണ്ണിപറഞ്ഞ് പിസി വിഷ്ണുനാഥ് ആണ് ചര്‍ച്ച ആരംഭിച്ചത്
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വീഴ്ചകളിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിൽ നിയമസഭയിൽ ചര്‍ച്ച ആരംഭിച്ചു. സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവ് എണ്ണിപറഞ്ഞ് പിസി വിഷ്ണുനാഥ് ആണ് ചര്‍ച്ച ആരംഭിച്ചത്. വിളപ്പിൽശാല ആശുപത്രി കവാടം രാത്രി മൂന്ന് പൂട്ടിട്ട് പൂട്ടിയ നിലയിലാണെന്നും എന്തിനാണ് ആശുപത്രി പൂട്ടുന്നതെന്നും പട്ടി കടിക്കാൻ വരുമെങ്കിൽ സുരക്ഷാ ജീവനക്കാരനെ നിയോഗിച്ചുകൂടെയെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു. പരാതി വിശദമായി ഡിഎംഒക്ക് നൽകിയിട്ടുണ്ടെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു. വിളപ്പിൽശാലയിലെ ചികിത്സാ പിഴവിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി. എന്നാൽ, മരിച്ച വ്യക്തിയുടെ ഭാര്യയെ ഫോണിൽ പോലും വിളിക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എല്ലാം സിസ്റ്റത്തിന്റെ ഇരകളാണ്
ഒരു നീതിയും ആരോഗ്യ വകുപ്പിൽ നിന്നില്ല. റിപ്പോർട്ട് തേടലല്ലാതെ ഒരു നടപടിയും ആരോഗ്യ വകുപ്പിൽ നിന്ന് ഉണ്ടാകുന്നില്ല. ഇടത് അനുഭാവിയായ ഹാരിസ് ഡോക്ടറെ പോലും വേട്ടയാടി. വിളപ്പിൽ ശാല ചികിത്സ പിഴവ്, ഹര്‍ഷിന, പാലക്കാട് കൈ മുറിച്ചു മാറ്റേണ്ടിവന്ന കുട്ടി, മാനന്തവാടിയിൽ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീയുടെ വയറ്റിൽ തുണി കൂട്ടി തുന്നിയത്, എസ്എടി ആശുപത്രിയിൽ അണുബാധയെതുടര്‍ന്ന് യുവതി മരിച്ചത്, മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ വേണു മരിച്ച സംഭവം, ഡോക്ടര്‍ ഹാരിസ് എന്നിവയെല്ലാം സിസ്റ്റത്തിന്‍റെ ഇരകളാണെന്നും പിസി വിഷ്ണുനാഥ് തുറന്നടിച്ചു.
വേണുവിനെ കൊന്നത് ആരോഗ്യവകുപ്പല്ലേയെന്നും കൊല്ലം വഴി എത്ര തവണ ആരോഗ്യമന്ത്രി പോയെന്നും ഒരു തവണയെങ്കിലും വേണുവിന്‍റെ കുടുംബത്തെ കണ്ടോയെന്നും പിസി വിഷ്ണുനാഥ് ചോദിച്ചു. മന്ത്രി ഇതുവരെ വേണുവിന്‍റെ വീട്ടിൽ പോയി ഒരു ആശ്വാസ വാക്ക് പോലും പറഞ്ഞിട്ടില്ലെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു. മാതൃമരണനിരക്ക് ഓരോ വർഷവും കൂടിക്കൂടി വരികയാണെന്നും ഈ സംസ്ഥാനത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു. കേരളത്തിൽ ഒരു ജില്ലാ -ജനറൽ ആശുപത്രികളിലും ക്രിട്ടിക്കൽ കെയർ സംവിധാനമില്ലെന്നും സംസ്ഥാനത്ത് ആകെയുള്ളത് 50 സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാർ മാത്രമാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
അതേസമയം, പ്രതിപക്ഷത്തിന്‍റേത് ബാലിശമായ വാദങ്ങളാണെന്നാണ് സര്‍ക്കാര്‍ വാദം. യുഡിഎഫ് കാലത്തെ നിലയിലാണോ ഇപ്പോള്‍ ഇവിടത്തെ ആരോഗ്യമേഖലയെന്ന് ഭരണപക്ഷ എംഎൽഎ ഡികെ മുരളി ചോദിച്ചു. ചികിത്സകിട്ടാതെ മരിച്ച ഒട്ടെറെ സംഭവങ്ങൾ യുഡിഎഫ് കാലത്ത് ഉണ്ടായിരുന്നു. പർവ്വതീകരിക്കുന്ന വീഴ്ചകളൊന്നും വിളപ്പിൽ ശാലയിൽ ഉണ്ടായിട്ടില്ലെന്നും മനുഷ്യസാധ്യമായതല്ലേ ചെയ്യാനാകുവെന്നും ഏഴ് മിനിറ്റു കൊണ്ട് ആംബുലൻസിൽ കയറ്റിയെന്നും ഡികെ മുരളി പറഞ്ഞു. കേരളത്തിലെ ചികിത്സാ സംവിധാനം ഏറ്റവും മെച്ചപ്പെട്ടതാണ് എന്നതിൽ സംശയമില്ലെന്ന് ഇകെ വിജയൻ പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ മേഖല തകർന്ന് തരിപ്പണമായെന്ന് ചിത്രീകരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ആരെ സഹായിക്കാൻ വേണ്ടിയാണിതെന്നും ഇകെ വിജയൻ പറഞ്ഞു.



