'മുല്ലപ്പെരിയാറില്‍ പുതിയ നിയമപോരാട്ടം വേണം, പാട്ടക്കരാറിന് നിയമപ്രാബല്യമില്ല'; ഗവര്‍ണര്‍ക്ക് നിവേദനം

By Web TeamFirst Published Sep 20, 2021, 4:46 PM IST
Highlights

 പാട്ടക്കരാറിന് നിയമപ്രാബല്യമില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കണമെന്നാണ് സേവ്കേരള ബ്രിഗേഡ‍ിന്‍റെ ആവശ്യം. കേസ്  നടത്തിപ്പില്‍ കേരളത്തിന്‍റെ ഭാഗത്തുണ്ടായ വീഴ്ചകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തേടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. 

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ കേസില്‍ പുതിയ നിയമപോരാട്ടത്തിന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനം. പാട്ടക്കരാറിന് നിയമപ്രാബല്യമില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കണമെന്നാണ് സേവ്കേരള ബ്രിഗേഡ‍ിന്‍റെ ആവശ്യം. കേസ്  നടത്തിപ്പില്‍ കേരളത്തിന്‍റെ ഭാഗത്തുണ്ടായ വീഴ്ചകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് തേടണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് കേരളം ഇതുവരെ നടത്തിയ കേസുകളിലെല്ലാം മറുഭാഗത്ത് തമിഴ്നാട് മാത്രമാണ്.

കേന്ദ്രസര്‍ക്കാര്‍ കേസില്‍ കക്ഷിയല്ല. മുല്ലപ്പെരിയാര്‍ ഡാം കരാര്‍ ഒപ്പുവച്ചത് തിരുവിതാംകൂറും ബ്രിട്ടിഷ് ഇന്ത്യയുമായാണ്. ബ്രിട്ടീഷ് ഇന്ത്യ എന്നാല്‍ കേരളവും തമിഴ്നാടും ചേര്‍ന്നതാണ്. മലബാര്‍ ബ്രിട്ടീഷ് ഇന്ത്യയിലും, നാഗര്‍കോവിലും  കന്യാകുമാരിയും തമിഴ്നാട്ടിലും ആയിരുന്നു. അതായത് തിരുവിതാംകൂറിന്‍റെ അനന്തരാവകാശികളായിട്ട് കേരളവും തമിഴ്നാടും വരുന്നു.

കേരളവും തമിഴ്നാടും ഒരേ സമയം പാട്ടം കൊടുക്കുന്നവനും പാട്ടം സ്വീകരിക്കുന്നവനും ആകുന്നു. അത്തരമൊരു കരാറിന് നിലനില്‍പ്പില്ല. കേരളം സുപ്രീംകോടതിയില്‍ ഇതുവരെ നടത്തിയ കേസുകളില്‍ ഇക്കാര്യം ഉന്നയിച്ചിട്ടില്ല. 1970 ല്‍ കേരളവും തമിഴ്നാടും ചേര്‍ന്ന് 1886 ലെ കരാര്‍ പുതുക്കി. ഇതിന് കേരള മന്ത്രിസഭയുടേയോ നിയമസഭയുടേയോ അംഗീകാരമില്ല.

ഈ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കേരളം തോറ്റ കേസുകള്‍ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പുതിയ ഹര്‍ജി നല്‍കണമെന്നാണ് ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തിലെ പ്രധാന ആവശ്യം. മുല്ലപ്പെരിയാറിലെ ഡാം ഡീ കമ്മീഷന്‍ ചെയ്യണമെന്നും കാലവര്‍ഷക്കാലത്ത് ജലനിരപ്പ് 130 അടിയായി കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജിയെ അനുകൂലിച്ച് സത്യവാങ്ങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ സേവ് കേരള ബ്രിഗേഡ് ആവശ്യപ്പെട്ടു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!