അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ഓലമടൽ സമരം നടത്തി സേവ് ലക്ഷദ്വീപ് ഫോറം

By Web TeamFirst Published Jun 28, 2021, 1:00 PM IST
Highlights

ഓലയും മടലും ശേഖരിച്ച് അതിന്റെ മുകളിൽ ഇരുന്നായിരുന്നു പ്രതിഷേധം. മാലിന്യ സംസകരണത്തിന് അഡ്മിനിസ്ട്രേഷൻ സംവിധാനമൊരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. 

കവരത്തി: അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ഓലമടൽ സമരം നടത്തി സേവ് ലക്ഷദ്വീപ് ഫോറം. ഓല കൂട്ടിയിട്ടാൽ പിഴ ഈടാക്കാനുള്ള ഉത്തരവിനെതിരെയാണ് ദ്വീപ് നിവാസികളുടെ വേറിട്ട പ്രതിഷേധം. ഇതിനിടെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണ് ദ്വീപ് ഭരണകൂടം. 

രാവിലെ 9 മുതൽ 10 മണി വരെ ഒരു മണിക്കൂർ നേരമാണ് ദ്വീപ് നിവാസികൾ പ്രതിഷേധിച്ചത്. എല്ലാ ദ്വീപിൽ നിന്നുള്ള ജനങ്ങളും സമരത്തിൽ പങ്കെടുത്തു. ഓലയും മടലും ശേഖരിച്ച് അതിന്റെ മുകളിൽ ഇരുന്നായിരുന്നു പ്രതിഷേധം. മാലിന്യ സംസകരണത്തിന് അഡ്മിനിസ്ട്രേഷൻ സംവിധാനമൊരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. 

അതേസമയം അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കാനുള്ള നടപടി  മറ്റ് ദ്വീപുകളിലും നടപ്പാക്കാനൊരുങ്ങുകയാണ് ഭരണകൂടം. കഴിഞ്ഞ ദിവസം കവരത്തി ദ്വീപിലെ 102 വീടുകൾക്ക് അഡ്മിനിസ്ട്രേഷൻ കത്ത് നൽകിയിരുന്നു. കടൽതീരത്തിന് 20 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന വീടുകളും ഷെഡുകളും പൊളിച്ചു നീക്കുകയാണ് ലക്ഷ്യം. 

ഇതിനിടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി നൽകിയില്ലെന്നാരോപിച്ചു ഇടത് എംപിമാർ ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ യുഡിഎഫ് എംപിമാരും സന്ദര്‍ശനാനുമതി തേടി ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിരുന്നു. ഇതിൽ  10 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നാണ് ദ്വീപ് ഭരണകൂടം നൽകിയിരുന്ന മറുപടി.

click me!