സ്ത്രീകളുടെ വിദ്യാഭ്യാസം; സാദിഖലി തങ്ങൾ തനിക്കൊപ്പമെന്ന് സമസ്ത പുറത്താക്കിയ ഹക്കീം ഫൈസി ആദൃശ്ശേരി

By Web TeamFirst Published Dec 7, 2022, 10:25 AM IST
Highlights

സ്ത്രീകളുടെ വിദ്യാഭ്യാസം തങ്ങളുടെ പ്രധാന അജണ്ടയാണെന്നും അത് പാടില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് നടപ്പാക്കാന്‍ പറ്റില്ലെന്നും അബ്ദുള്‍ ഹക്കിം ഫൈസി ആദൃശ്ശേരി  പറഞ്ഞു. 


മലപ്പുറം:  വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീകളുടെ മുന്നേറ്റം പാടില്ലെന്ന് ആര് പറഞ്ഞാലും അത് നടപ്പില്ലെന്ന് സമസ്ത പുറത്താക്കിയ ഹക്കീം ഫൈസി ആദൃശ്ശേരി. തനിക്ക് പ്രവര്‍ത്തിക്കാന്‍ പറ്റിയാല്‍ അത്തരം ആദര്‍ശങ്ങള്‍ മുറുകെ പിടിച്ച് മാത്രമേ മുന്നോട്ട് പോകുകയുള്ളൂവെന്നും അബ്ദുള്‍ ഹക്കിം ഫൈസി ആദൃശ്ശേരി കൂട്ടിച്ചേര്‍ത്തു. ഇത്തരം കാര്യങ്ങളില്‍ പ്രവര്‍ത്തനം നിഷേധിച്ചാല്‍‌ പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ വിദ്യാഭ്യാസം തങ്ങളുടെ പ്രധാന അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. അത് പാടില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് നടപ്പാക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ ആദര്‍ശം താന്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നും അതിനാല്‍ സമസ്തയുടെ ആദര്‍ശത്തില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

കൂടുതല്‍ വായനയ്ക്ക്:   സമസ്തക്കെതിരെ വ്യാജ പ്രചരണം നടത്തിയിട്ടില്ല, നിയമപരമായി നേരിടുമെന്ന് ഹക്കീം ഫൈസി ആദൃശ്ശേരി

സാദിഖലി തങ്ങളോട് ആലോചിച്ചാണ് തന്നെ പുറത്താക്കിയതെന്ന സമസ്ത നേതൃത്വത്തിന്‍റെ വാദം കളവ്. ചര്‍ച്ച ഞാനും നടത്തിയിട്ടുണ്ട്. അത് ആരുമായും നടത്താം. എന്നാല്‍, ചര്‍ച്ചയുടെ തീരുമാനം എന്താണ് എന്നുള്ളതാണ് പ്രധാനം. അല്ലാതെ ചര്‍ച്ച നടത്തി എന്ന് മാത്രം പറയുന്നത് ജനങ്ങളെ പറ്റിക്കലാണെന്നും പറഞ്ഞ ഹക്കിം ഫൈസി തന്നെ പുറത്താക്കണമെന്ന് സാദിഖലി തങ്ങള്‍ തീരുമാനത്തിലെത്തിയിരുന്നോ എന്നതാണ് ചോദ്യമെന്നും കൂട്ടിച്ചേര്‍ത്തു. താന്‍ അങ്ങനെ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ പുറത്താക്കിയ തീരുമാനത്തില്‍ പണക്കാട് സാദിഖലി തങ്ങള്‍ക്ക് യോജിപ്പുണ്ടെന്ന് കരുതുന്നില്ല. ഇപ്പോഴും തന്‍റെ പ്രവര്‍ത്തനം സാദിഖലി തങ്ങളുടെ പിന്തുണയോടെയെന്നും  ഹക്കീം ഫൈസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഇപ്പോഴും സാദിഖലി തങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തുന്നു. സിഐസി പ്രസിഡന്‍റാണ് സാദിഖലി തങ്ങള്‍. താന്‍ ജനറല്‍ സെക്രട്ടറിയും. അദ്ദേഹത്തിന് തന്നെ പുറത്താക്കാനുള്ള അധികാരമുണ്ട്. എന്നിട്ടും അദ്ദേഹം അത് ചെയ്തിട്ടില്ലെന്നും ഹക്കിം ഫൈസി കൂട്ടിച്ചേര്‍ത്തു. സാദിഖലി തങ്ങള്‍ക്ക് തന്നെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് തന്‍റെ വിശ്വാസമെന്നും സാദിഖലി തങ്ങളുമായുള്ള നിരന്തര കൂടിക്കാഴ്ചയില്‍ സ്ത്രീ വിദ്യാഭ്യാസ വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോഴും തങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും ഹക്കിം ഫൈസി പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്‍റിന്‍റെ പിന്തുണയില്ലാതെ ജനറല്‍  സെക്രട്ടറിക്ക് മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

 

 

കൂടുതല്‍ വായനയ്ക്ക്:   ഹക്കീം ഫൈസി അദൃശേരിയെ പുറത്താക്കിയത് കൃത്യമായ അന്വേഷണത്തിന് ശേഷം: ആലിക്കുട്ടി മുസ്ലിയാർ
 

click me!