വരുന്ന തിങ്കളും വ്യാഴവുമായി പ്രാദേശിക അവധി, രണ്ട് ജില്ലകളിലെ അഞ്ച് താലൂക്കുകളിൽ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം

Published : Nov 29, 2025, 03:30 PM IST
School Holiday

Synopsis

തൃശൂർ, ആലപ്പുഴ ജില്ലകളിലെ വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഡിസംബർ 1-ന് ചാവക്കാട് താലൂക്കിലും ഡിസംബർ 4-ന് കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലുമാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല.

തൃശൂർ/ആലപ്പുഴ: ഗുരുവായൂര്‍ ഏകാദശയും ചക്കുളത്ത്കാവ് പൊങ്കാലയും പ്രമാണിച്ച് തിങ്കളാഴ്ചയും വെള്ളിയാഴ്ചയുമായി രണ്ടിടത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു. അവധി ബാധകമാകുന്നത് ആര്‍ക്കൊക്കെയാണെന്നും ഏതൊക്കെ താലൂക്കുകളിലാണെന്നും വിശദമായി അറിയാം. 

ഗുരുവായൂർ ഏകാദശി മഹോത്സവം

പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി മഹോത്സവം പ്രമാണിച്ച് ഡിസംബർ 1-ന് ചാവക്കാട് താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമന പരീക്ഷകൾക്കും ഈ അവധി ബാധകമായിരിക്കില്ല. വൃശ്ചികമാസത്തിലെ വെളുത്ത പക്ഷത്തിലെ ഏകാദശി നാളിൽ ആചരിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് ഗുരുവായൂർ ഏകാദശി. ഈ ദിവസം ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായും, ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഭഗവദ്ഗീതോപദേശം നൽകിയ ദിവസമായും കണക്കാക്കപ്പെടുന്നു. ഈ പുണ്യദിനത്തിൽ ഭക്തർ വ്രതമെടുക്കുകയും ക്ഷേത്രദർശനം നടത്തുകയും ചെയ്യുന്ന പതിവുണ്ട്.

ചക്കുളത്തുകാവ് പൊങ്കാല: ഡിസംബർ 4-ന് നാല് താലൂക്കുകളിൽ പ്രാദേശിക അവധി

പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഡിസംബർ 4, വ്യാഴാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ എന്നീ താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നാല് താലൂക്കുകളിലെയും റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കുമാണ് അവധി ബാധകമായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമല്ല. മുൻ നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.

പൊങ്കാല മഹോത്സവം

അഭീഷ്ടകാര്യ സിദ്ധി, മംഗല്യഭാഗ്യം, ഐശ്വര്യപ്രാപ്തി എന്നിവയ്ക്കായി ഭക്തർ ചക്കുളത്തമ്മയ്ക്ക് പൊങ്കാലയിടുന്നതെന്നാണ് വിശ്വാസം. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് ഭക്തരാണ് പൊങ്കാലയിടാൻ എത്തിച്ചേരുന്നത്. പൊങ്കാലയർപ്പണം: ക്ഷേത്രത്തിൽ നിന്ന് തുടങ്ങി മുളക്കുഴ, ഇടിഞ്ഞില്ലം - തിരുവല്ല, വള്ളംകുളം - കറ്റോട്, ചെന്നിത്തല - പൊടിയാടി, വീയപുരം, പച്ച - എടത്വാ, മുട്ടാർ തുടങ്ങി വിവിധ റോഡരികുകളിലൂടെ പൊങ്കാലയർപ്പണം നടക്കും. ഭക്തരുടെ സൗകര്യാർത്ഥം സ്ഥിരം സർവീസിന് പുറമെ വിവിധ ഡിപ്പോകളിൽ നിന്നായി നിരവധി കെ.എസ്.ആർ.ടി.സി. ബസുകൾ പ്രത്യേക സർവീസുകൾ നടത്തും. ഭക്തരെ സഹായിക്കുന്നതിനായി വിവിധ ഇൻഫർമേഷൻ സെന്ററുകളും പോലീസുകാരും ക്ഷേത്ര വൊളന്റിയർമാരും സജ്ജരായി രംഗത്തുണ്ടാകും.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബൈക്കിൽ വീട്ടിലെത്തിയവർ ഭീഷണിപ്പെടുത്തിയെന്ന് റിനി ആൻ ജോർജ്; 'രാഹുലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് പറഞ്ഞു'
2 ദിവസം സമയം തരൂ, ദേശീയ പാത അതോറിറ്റിയുടെ ഉറപ്പ്; 'ഡിസംബർ എട്ടിനുള്ളിൽ തകർന്ന സർവീസ് റോഡ് ഗാതാഗത യോഗ്യമാക്കും'