ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; സ്കൂൾ അധ്യാപകർ കൊല്ലപ്പെട്ടു

By Web TeamFirst Published Oct 7, 2021, 12:43 PM IST
Highlights

ശ്രീനഗർ ഇഡ്ഗ ഗവൺമെന്റ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഒരാൾ സ്കൂളിന്റെ പ്രിൻസിപ്പാളാണ്. 

കശ്മീർ: ജമ്മു കശ്മീരിൽ (Jammu Kashmir) വീണ്ടും ഭീകരാക്രമണം. ശ്രീനഗറിൽ രണ്ട് അധ്യാപകർ (Teachers KIlled) ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഭീകരർ ഇവരെ വെടിവച്ച് കൊല്ലുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ശ്രീനഗർ ഇഡ്ഗ ഗവൺമെന്റ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഒരാൾ സ്കൂളിന്റെ പ്രിൻസിപ്പാളാണ്. 

രാവിലെ പതിനൊന്നേകാലോടെയാണ് സുപീന്ദർ കൗര്‍, ദീപക് എന്നീ അധ്യാപകർക്ക് നേരെ ഭീകരർ വെടിയുതിര്‍ത്തത്.  ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ആക്രമണം നടത്തിയ ഭീകരർക്കായുള്ള തെരച്ചില്‍ നടക്കുകയാണെന്ന് സൈന്യം അറിയിച്ചു. ഭീകരാക്രമണത്തില്‍ കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പ്രമുഖ വ്യവസായി അടക്കം 3 നാട്ടുകാര്‍ കൊല്ലപ്പെട്ടിരുന്നു. 

ഭീകരർക്കായി പ്രദേശത്ത് സൈന്യം തെരച്ചില്‍ നടത്തുന്നുണ്ട്. ആക്രമണം ഞെട്ടിക്കുന്നതാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. മനുഷ്യത്വമില്ലാത്ത പ്രവർത്തിയെ അപലപിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്നും ഒമർ അബ്ദുള്ള പറഞ്ഞു. 

ജമ്മുകശ്മിരീലെ പ്രമുഖ വ്യവസായികളിലൊരാളായ മഖന്‍ ലാല്‍ ബിന്ദ്രൂ അടക്കം മൂന്ന് പേരെയാണ് കഴിഞ്ഞ ദിവസം ഭീകരര്‍ വധിച്ചത്. മഖൻ ലാല്‍ നടത്തിയിരുന്ന ഫാർമസിക്കുള്ളില്‍ കയറിയായിരുന്നു ഭീകരരുടെ ആക്രമണണം. പൊലീസും സൈന്യവും ഉടനെ എത്തിയെങ്കിലും ഭീകരർ രക്ഷപ്പെട്ടിരുന്നു. ബന്ദിപ്പൊര സ്വദേശിയായ മുഹമ്മദ് ഷാഫി, വഴിയോര ഭക്ഷണ വില്‍പ്പനക്കാരനായ വീരേന്ദ്ര പാസ്വാന്‍ എന്നിവരായിരുന്നു കൊല്ലപ്പെട്ട മറ്റ് രണ്ട് പേര്‍. 

click me!