
വയനാട്: വയനാട് ജില്ലയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചകഞ്ഞിക്കായി നൽകുന്ന അരിവിതരണം പരിശോധിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശം. മാനന്തവാടി കല്ലോടി സെന്‍റ് ജോസഫ് സ്കൂളിൽ അരിമറിച്ചുവിറ്റതിനെ തുടർന്നാണ് പരിശോധനക്ക് നിർദേശം നൽകിയത്. അരിമറിച്ച് വിറ്റ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ നടപടി എടുക്കാൻ വിദ്യാഭ്യാസ വകുപ്പ് മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടു.
കല്ലോടി സെന്‍റ് ജോസഫ് സ്കൂളിലെ വിദ്യാർത്ഥികളുടെ ഉച്ചകഞ്ഞിക്കുള്ള അരി സ്വകാര്യ ഹൈപ്പർമാർക്കറ്റിൽ വിൽക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് മുഴുവൻ സ്കൂളുകളിലും പരിശോധന നടത്താൻ ജില്ലാ കലക്ടർ നിർദേശം നൽകിയത്. വിദ്യാഭ്യാസ വകുപ്പിനോടാണ് പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടിരിക്കുന്നത്. അതിനിടെ അരിവിറ്റതുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപകനെയും ഉച്ചക്കഞ്ഞി വിതരണ ചുമതലയുളള അധ്യാപകനെയും സസ്പെന്‍ഡ് ചെയ്യാൻ ഡിഡിഇ മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടു.
ഗുരുതര വീഴ്ച ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടായെന്ന എ.ഇ.ഒയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി എടുക്കാൻ ആവശ്യപ്പെട്ടത്. പ്രധാന അധ്യാപകൻ സാബു പി. ജോൺ, അധ്യാപകനായ അനീഷ് ജേക്കബ് എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് നിർദേശം.
കഴിഞ്ഞ ദിവസമാണ് 386 കിലോ അരി അധ്യാപകന്‍റെ വാഹനത്തിൽ കൊണ്ട് വന്ന് സ്വകാര്യ ഹൈപ്പർമാർക്കറ്റിൽ വിൽക്കാൻ ശ്രമിച്ചത്. വിൽപ്പന നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ സിവിൽ സപ്ലൈസ് അധികൃതരെ അറിയിച്ചു. തുടർന്ന് അരി ഏറ്റെടുത്ത് പൊതുവിതരണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam