
തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ മൂന്ന് പേർക്കായി തെരച്ചിൽ തുടരുന്നു. വിഴിഞ്ഞം ചവറ എന്നിവിടങ്ങളിൽ നിന്ന് കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് പുലിമുട്ടിലെ കല്ലുകൾ നീക്കി പരിശോധിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇന്ന് അദാനി പോർട്ടിൽ നിന്നും വലിയ ക്രെയിനെത്തിച്ചും തെരച്ചിൽ ആരംഭിച്ചു.
മുതലപ്പൊഴിയിൽ അപകടം നടന്ന് ഇന്നേയ്ക്ക് നാല് ദിവസമായി. നേവിയും, കോസ്റ്റ്ഗാർഡും, തീരദേശ പൊലീസും, മറൈൻ എൻഫോഴ്സ്മെന്‍റും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും എല്ലാം ചേർന്ന് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്. മൂന്ന് ചെറുപ്പാക്കരെയോർത്ത് നൊമ്പരപ്പെട്ടിരിക്കുകയാണ് തിരുവോണ നാളിലും പെരുമാതുറ.
ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതുന്ന ഭാഗത്ത് പുലിമുട്ടിലെ കല്ലും വലയുടെ അവശിഷ്ടങ്ങളും വടവും മാറ്റിനോക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അതിനായി വിഴിഞ്ഞം അദാനി പോർട്ടിൽ നിന്നും ചവറ കെഎംഎംഎല്ലിൽ നിന്നും കൂറ്റൻ ക്രെയിനുകൾ എത്തിച്ചു. ഈ ക്രെയിനുകൾക്ക് പുലിമുട്ടിലേക്ക് കടന്നുവരാൻ വഴിയൊരുക്കാൻ മരങ്ങൾ വരെ പിഴുതുമാറ്റിയാണ് രക്ഷാപ്രവർത്തനം നീങ്ങുന്നത്. എന്നാൽ ഇത്ര ദിവസം കഴിഞ്ഞും ഒരാളെ പോലും കണ്ടെത്താൻ സാധിക്കാത്തത് നാട്ടുകാരേയും നിരാശരാക്കുന്ന.
ക്രെയിനുകൾക്ക് പകരം കപ്പൽ എത്തിച്ച് കല്ലുകൾ മാറ്റണമെന്നും ആവശ്യം ഉയരുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സഫാ മർവ എന്ന ബോട്ട് മറിഞ്ഞ് 23 പേര്‍ അപകടത്തിൽപെട്ടത്. രണ്ട് പേർ പേര് മരിച്ചു. ബോട്ട് ഉടമ കാഹാറിന്റെ മക്കളായ ഉസ്മാൻ, മുസ്തഫ, തൊഴിലാളിയായ അബ്ദുൾ സമദ് എന്നിവരെയാണ് ഇനിയും കണ്ടെത്താനാകാത്തത്.
തൃശൂര്‍: ഓണാഘോഷത്തിനിടെ അക്രമത്തിനെത്തിയ കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത് ഉൾപ്പെടെ മൂന്ന് കൊടും കുറ്റവാളികളെ തൃശൂർ സിറ്റി പൊലീസ് പിടികൂടി. തൃശൂർ മാറ്റാംപുറം പൂളാക്കൽ രഞ്ജിത് എന്ന കടവി രഞ്ജിത് (40), ഒല്ലൂർ നടത്തറ കാച്ചേരി കുരുതുകുളങ്ങര ലിന്‍റോ ബാബു (31), വിയ്യൂർ വിൽവട്ടം നെല്ലിക്കാട് അരിമ്പൂർ വളപ്പിൽ കൈസർ എന്ന അശ്വിൻ (35) എന്നിവരെയാണ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഓണത്തോടനുബന്ധിച്ച് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിൽ ഒട്ടേറെ പ്രതികളും പിടിയിലായിട്ടുണ്ട്. ആഘോഷങ്ങളുടെ മറവിൽ കുറ്റകൃത്യങ്ങൾക്ക് തയ്യാറെടുത്തിരുന്ന 14 പിടികിട്ടാപുള്ളികൾ പിടിയിലായി.
കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങി നടന്നിരുന്ന 114 വാറണ്ട് പ്രതികളേയും അറസ്റ്റുചെയ്തു. വ്യാജവാറ്റ്, അനധികൃത മദ്യം കൈവശം വെക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 6 അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്തു. കഞ്ചാവ് കൈവശംവെച്ച് വിൽപ്പന നടത്താൻ ശ്രമിച്ചതിനും, മറ്റ് ഇതര മയക്കുമരുന്നുകൾ ഉപയോഗിച്ചതിനും 10 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതുകൂടാതെ, ഓണാഘോഷത്തിന് അക്രമമുണ്ടാക്കാൻ സാധ്യതയുള്ള 13 പേരെ അറസ്റ്റുചെയ്ത് കരുതൽ തടങ്കലിലാക്കി. മദ്യപിച്ച് വാഹനമോടിച്ചതിന് 128 പേരാണ് പൊലീസ് പിടിയിലായത്. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ അറിയിച്ചു.
അതിനിടെ, തിരുവനന്തപുരം വെമ്പായം ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന അധോലോകം എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിൽ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും വെഞ്ഞാറമൂട് പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ മാരകലഹരിവസ്തുവായ എം.ഡി.എം.എ യും കഞ്ചാവും പിടികൂടി.
സ്ഥാപന ഉടമയും , ക്രിമിനൽ കേസ്സ് പ്രതികളും ഉൾപ്പെടെ നാല് പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. വസ്ത്രവ്യാപാര സ്ഥാപന ഉടമ വെമ്പായം സ്വദേശി ബിനു (37) , വെമ്പായം കുതിരക്കുളം പുതുവൽപുത്തൻവീട്ടിൽ റിയാസ് (വയസ്സ്38) , തേമ്പാംമൂട് പാലാംകോണം പെരുമലയിൽ സുഹൈൽ (25) പിരപ്പൻകോട് മീനാറ വിള'വീട്ടിൽ ഷംനാദ് (40) എന്നിവരാണ് പിടിയിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam