മൂവരുടെയും ദേഹത്ത് വ്യത്യസ്ത മുറിവുകൾ, രക്തം വാര്‍ന്ന് മരണം, അവ‍ര്‍ ഇന്റെര്‍നെറ്റിൽ തെരഞ്ഞത് മരണാനന്തരം എന്ത്?

Published : Apr 02, 2024, 07:16 PM ISTUpdated : Apr 02, 2024, 08:36 PM IST
മൂവരുടെയും ദേഹത്ത് വ്യത്യസ്ത മുറിവുകൾ, രക്തം വാര്‍ന്ന് മരണം, അവ‍ര്‍ ഇന്റെര്‍നെറ്റിൽ തെരഞ്ഞത് മരണാനന്തരം എന്ത്?

Synopsis

ഇനി പോകുന്നു എന്നെഴുതിയ കുറിപ്പ് മാത്രമാണ് മൃതദേഹത്തിന് അരികില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. മൂവരുടെയും ശരീരത്തിൽ വ്യത്യസ്തമായ മുറിവുകളുണ്ടായിരുന്നു എന്നതാണ് മറ്റൊരു സുപ്രധാന വിവരം. മുറിവുകളിൽ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്നും പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു അധ്യാപികയെ കാണാതാകുന്നു. അവരെ തേടിയുള്ള അന്വേഷണം എത്തി നിന്നത് അരുണാചലിലെ ഒരു ഹോട്ടൽ മുറിയിലാണ്. ഹോട്ടലിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത് പക്ഷെ അന്വേഷിച്ച അധ്യാപിക ആര്യയെ മാത്രമല്ല, കോട്ടയം സ്വദേശികളായ നവീൻ, ഭാര്യ ദേവി എന്നിവരെയാണ്.  ഇന്ന് രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം ബന്ധുക്കളെയും കേരള പൊലീസിനെയും അറിയിച്ചത്. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്നെഴുതിയ കുറിപ്പ് മാത്രമാണ് മൃതദേഹത്തിന് അരികില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. മൂവരുടെയും ശരീരത്തിൽ വ്യത്യസ്തമായ മുറിവുകളുണ്ടായിരുന്നു എന്നതാണ് മറ്റൊരു സുപ്രധാന വിവരം. മുറിവുകളിൽ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്നും പൊലീസ് അറിയിച്ചു.
 
അരുണാചലിലെ ഇറ്റാനഗറിലുള്ള ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു ആര്യ. ഇവരെ ഒരു ദിവസം കാണാതായതിനെ തുട‍ര്‍ന്നുള്ള അന്വേഷണത്തിലാണ് കൂട്ട മരണത്തിന്റെ വിവരം പുറത്ത് വരുന്നത്. മാര്‍ച്ച് 27 ന് വീട്ടുകാരോടൊന്നും പറയാതെ ആര്യ ഇറങ്ങിപ്പോവുകയായിരുന്നു. ആര്യയെ ഫോണിലും ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഇതോടെ ബന്ധുക്കൾ വിവരം പൊലീസിൽ അറിയിച്ചു. സംഭവത്തിൽ കേസെടുത്ത വട്ടിയൂര്‍ക്കാവ് പൊലീസിന്റെ അന്വേഷണത്തിലാണ് ആര്യയുടെ സുഹൃത്തായ ദേവിയെയും ഭര്‍ത്താവിനെയും കാണാനില്ലെന്ന വിവരം ലഭിച്ചത്. വിമാന മാര്‍ഗം മൂവരും ഗുവാഹത്തിയിലേക്ക് പോയതായും കണ്ടെത്തിയിരുന്നു.

നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അതിനാൽ ബന്ധുക്കൾക്കൊന്നും സംശയം തോന്നിയിരുന്നില്ല. എന്നാൽ ആര്യയുടെ തിരോധാനം അന്വേഷിച്ചപ്പോഴാണ് ദേവിയും നവീനും ഒരുമിച്ചാണ് പോയതെന്ന് വ്യക്തമായത്. മാർച്ച് 17 നാണ് നവീനും ഭാര്യയും മീനടത്ത് നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. മൂന്ന് നാല് ദിവസം കഴിഞ്ഞേ വരൂ എന്നാണ് അവസാനം വിളിച്ചപ്പോൾ ഇവര്‍ പിതാവിനോട് പറഞ്ഞത്. 

തിരുവനന്തപുരത്ത് സ്വകാര്യ മെഡിക്കൽ കോളജിൽ ആയുർവേദ പഠന കാലത്ത് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും.  13 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പിന്നീട് തിരുവനന്തപുരത്ത് ആയുർവേദ റിസോർട്ടിൽ ഉൾപ്പെടെ ജോലി ചെയ്തു. ഇരുവര്‍ക്കും കുട്ടികളില്ല. കഴിഞ്ഞ ഒരു വർഷമായി മീനടത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു ഇവരുടെ താമസം. ആയുർവേദ പ്രാക്ടീസ് അവസാനിപ്പിച്ച ശേഷം നവീൻ ഓൺലൈൻ ട്രേഡിംഗിലേക്കും ദേവി ജർമ്മൻ ഭാഷ അധ്യാപനത്തിലേക്കും തിരിയുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. പ്രമുഖ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്‍റെ മകളാണ് ദേവി.

ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ ബന്ധുക്കളെ വിളിക്കാനുള്ള നമ്പര്‍ എഴുതിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇറ്റാനഗര്‍ പൊലീസ് ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഇവരുടെ മരണ വിവരം അറിഞ്ഞത്. ഇവര്‍ മരണത്തിന് മുമ്പ് മരണാനന്തര ജീവിതത്തെ കുറിച്ച് ഇന്റര്‍നെറ്റിൽ തെരഞ്ഞിരുന്നതായി വ്യക്തമായിട്ടുണ്ട്. ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ ദേവിയും മുൻപ് ജോലി ചെയ്തിരുന്നു. ജര്‍മ്മൻ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയായിരുന്നു ദേവി. ഇവര്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഇന്ന് രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം ബന്ധുക്കളെയും കേരള പൊലീസിനെയും അറിയിച്ചത്.  

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

'മോദി സാധാരണക്കാരനായ മനുഷ്യനല്ല, ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്'; പ്രധാനമന്ത്രിയെ പുകഴ്ത്തി കങ്കണ റണാവത്ത്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

Malayalam News Live:വടക്കൻ മേഖലയിലെ ഏഴു ജില്ലകളിൽ ഇന്ന് കൊട്ടിക്കാലാശം
Local Body Elections LIVE : തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴു ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്