മലപ്പുറം/തൊടുപുഴ: തദ്ദേശതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ അനുഭവത്തിൽ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടം കൊടുക്കാതെ യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ ഔദ്യോഗികമായി ആരംഭിച്ചു. കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായ ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇന്ന് പാണക്കാടെത്തി മുസ്ലീം ലീഗ് അധ്യക്ഷൻ ഹൈദരലി തങ്ങളെുമായി സീറ്റ് വിഭജനം ചർച്ച ചെയ്തു.
രാവിലെ 9 മണിയോടെയാണ് കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാടെത്തി ലീഗ് നേതാക്കളെ കണ്ടത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പി.കെ.കുഞ്ഞാലിക്കുട്ടി കെ.പി.എ മജീദ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
2016-ൽ 24 സീറ്റുകളിൽ മത്സരിച്ച മുസ്ലീം ലീഗ് ഇക്കുറി ആറ് സീറ്റുകളാണ് അധികമായി ആവശ്യപ്പെട്ടത്. യുഡിഎഫ് വിട്ടു പോയ ജനതാദൾ മത്സരിച്ച ഏഴ് സീറ്റുകളും കെ.എം.മാണി നയിച്ചിരുന്ന കേരള കോൺഗ്രസ് മത്സരിച്ച 15 സീറ്റുകളും ഇക്കുറി ഒഴിവു വന്ന സാഹചര്യത്തിലാണ് കഴിഞ്ഞ തവണ മത്സരിച്ചതിലും നാലിലൊന്ന് സീറ്റുകൾ ഇക്കുറി ലീഗ് ആവശ്യപ്പെട്ടത്.
ആറ് സീറ്റുകൾ അധികമായി ആവശ്യട്ട മുസ്ലീം ലീഗിനെ അനുനയിപ്പിക്കാനാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഒന്നിച്ച് പാണക്കാട് എത്തി ചർച്ച നടത്തിയത്. ആറ് സീറ്റുകൾ അധികമായി നൽകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഇതുണ്ടാക്കാവുന്ന സാമുദായിക ധ്രുവീകരണ പ്രശ്നങ്ങളും കോൺഗ്രസ് നേതാക്കൾ പാണക്കാട് തങ്ങളെ അറിയിച്ചു.
സീറ്റ് വിഭജനം സംബന്ധിച്ച് പി.കെ.കുഞ്ഞാലിക്കുട്ടിയുമായി തുടർ ചർച്ചകൾ നടത്തി ധാരണയുണ്ടാക്കാൻ പാണക്കാട് തങ്ങൾ കോൺഗ്രസ് നേതാക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്. മുസ്ലീം ലീഗിന് രണ്ട് സീറ്റുകൾ അധികം നൽകാമെന്നും ഒരു സീറ്റിൽ പൊതു സമ്മതനായ സ്വതന്ത്രനെ മത്സരിപ്പിക്കാമെന്നുമുള്ള നിർദേശമാണ് കോൺഗ്രസ് നേതാക്കൾ മുന്നോട്ട് വച്ചിരിക്കുന്നത്. പാണക്കാട്ടെ ചർച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ കോൺഗ്രസ് ലീഗ് നേതാക്കൾ രാഹുലിൻ്റെ സാന്നിധ്യത്തിലും കൂടിയാലോചന നടത്തി.
അതേസമയം പിജെ ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ് വിഭാഗവുമായുള്ള ചർച്ചകളാവും കോൺഗ്രസിന് കാര്യമായ വെല്ലുവിളി സൃഷ്ടിക്കുക. കോട്ടയത്ത് കേരള കോൺഗ്രസ് മത്സരിച്ചിരുന്ന ഏറ്റുമാനൂർ, ചങ്ങനാശ്ശേരി സീറ്റുകൾ കോൺഗ്രസ് ഇതിനകം തന്നെ ലക്ഷ്യമിട്ടിട്ടുണ്ട്. എന്നാൽ ഈ സീറ്റുകൾ തനിക്ക് തന്നെ കിട്ടണമെന്ന് പി.ജെ.ജോസഫ് നിലാപട് എടുത്തേക്കും എന്നാണ് സൂചന. അതു കൊണ്ട് നാളത്തെ ഉഭയകക്ഷി ചർച്ച നിർണായകമാണ്. ജോസഫ് വിഭാഗവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നാളെ ആർഎസ്പി നേതൃത്വവുമായും കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam