രണ്ട് മന്ത്രിസ്ഥാനം ചോദിച്ച് ജോസ്, ഒന്ന് നൽകാൻ സിപിഎം: ലയിച്ചില്ലെങ്കിൽ എൽജെഡിക്ക് മന്ത്രിയില്ല

By Web TeamFirst Published May 10, 2021, 2:07 PM IST
Highlights

കേരള കോൺ​ഗ്രസ് എം നേതാവ് ജോസ് കെ മാണി ഇന്ന് എകെജി സെൻ്ററിലെത്തി കോടിയേരിയുമായി ച‍ർച്ച നടത്തി. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസ് ആവശ്യപ്പെട്ടെങ്കിലും ഇതു സാധ്യമല്ലെന്ന് കോടിയേരി വ്യക്തമാക്കിയതായാണ് സൂചന.

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസ്ഥാനം സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നു. ഒറ്റ എംഎൽഎമാർ മാത്രമുള്ള പാർട്ടികൾക്ക് എംഎൽഎ സ്ഥാനം നൽകുന്നതിലാണ് തർക്കവും ആശയക്കുഴപ്പവും നിലനിൽക്കുന്നത്. കോടിയേരി ബാലകൃഷ്ണനാണ് നിലവിൽ ഘടകകക്ഷികളുമായി ചർച്ച നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ചകൾക്കിടയിൽ കോടിയേരി ആശയവിനിമയം നടത്തുന്നുണ്ട്. 

കേരള കോൺ​ഗ്രസ് എം നേതാവ് ജോസ് കെ മാണി ഇന്ന് എകെജി സെൻ്ററിലെത്തി കോടിയേരിയുമായി ച‍ർച്ച നടത്തി. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസ് ആവശ്യപ്പെട്ടെങ്കിലും ഇതു സാധ്യമല്ലെന്ന് കോടിയേരി വ്യക്തമാക്കിയതായാണ് സൂചന. ഒരു മന്ത്രിസ്ഥാനവും ക്യാബിനറ്റ് റാങ്കോടെ ചീഫ് വിപ്പ് പദവിയും നൽകാം എന്ന് സിപിഎം ജോസ് കെ മാണിയെ അറിയിച്ചിട്ടുണ്ട്. ഈ നി‍ർദേശം പാർട്ടി പരി​ഗണിച്ചു കൊണ്ടിരിക്കുകയാണ്. 

ഇന്ന് ച‍ർച്ചയ്ക്ക് വന്ന എല്ലാ കക്ഷികളും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎമ്മിനും സിപിഐക്കും കൂടി കേവലഭൂരിപക്ഷത്തിനാവശ്യമായ എംഎൽഎമാ‍ർ ഉള്ളതിനാൽ മുന്നണിയെ സമ്മർദത്തിലാക്കി മന്ത്രിസ്ഥാനം നേടാൻ ഘടകക്ഷികൾക്കാവില്ല. ജെഡിഎസും എൽജെഡിയും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും രണ്ട് കൂട്ടരും ലയിച്ചു വന്നാൽ മന്ത്രിസ്ഥാനം നൽകാം എന്ന് സിപിഎം അറിയിച്ചു. എന്നാൽ രണ്ട് ദേശീയപാർട്ടികളും ലയിക്കുന്നതിലെ നിയമപ്രശ്നമാണ് അവർ ചൂണ്ടിക്കാട്ടുന്നത്. ലയനം സംബന്ധിച്ച് രണ്ട് പാർട്ടി നേതൃത്വത്തിലും അഭിപ്രായഭിന്നതയും നിലനിൽക്കുന്നുണ്ട്. തർക്കം തുടർന്നാൽ ജെഡിഎസിനാവും മന്ത്രിസ്ഥാനം ലഭിക്കുക.

എൻസിപിക്ക് ഒരു മന്ത്രിസ്ഥാനം നിലവിലെ സാഹചര്യത്തിൽ ഉറപ്പാണ്. എകെ ശശീന്ദ്രനോ അതോ തോമസ് കെ തോമസോ ആര് മന്ത്രിയാവും എന്നതിൽ മെയ് 18-ലെ പാർട്ടി യോ​ഗത്തിൽ തീരുമാനമുണ്ടാവും. കെബി ​ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നൽകാൻ സിപിഎമ്മിന് താത്പര്യമുണ്ട്. ജാനാധിപത്യ കേരള കോൺ​ഗ്രസ് എംഎൽഎ ആൻ്റണി രാജു ജാതിസമവാക്യം മുൻ നിര്ത്തി മന്ത്രിസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. കാൽനൂറ്റാണ്ടിലേറെ ഇടതുമുന്നണിയുമായി സഹകരിക്കുന്ന ഐഎൻഎല്ലും ഇക്കുറി മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. 

click me!