നേരത്തെ നിയമസഭയിലെ നയ പ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ സ്വന്തം നിലയിൽ മാറ്റംവരുത്തുകയും പിന്നാലെ മുഖ്യമന്ത്രിയുടെ കൂട്ടിച്ചേർക്കലുമൊക്കെ വലിയ വിവാദമായിരുന്നു

തിരുവനന്തപുരം: കേരളത്തിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ വിപുലമായി നടന്നു. തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ദേശീയ പതാക ഉയർത്തി. തുടർന്ന് വിവിധ വിഭാഗങ്ങൾ അണിനിരന്ന പരേഡ് അദ്ദേഹം പരിശോധിക്കുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു. അതേസമയം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ വിതരണം ചെയ്ത അച്ചടിച്ച പ്രസംഗം ഗവർണർ വായിച്ചില്ല. ലോക്ഭവനുമായി ചർച്ച ചെയ്ത് സർക്കാരാണ് പ്രസംഗം അച്ചടിക്കുന്നത്. നേരത്തെ നിയമസഭയിലെ നയ പ്രഖ്യാപന പ്രസംഗത്തിൽ സ്വന്തം നിലയിൽ ഗവർണർ മാറ്റം വരുത്തുകയും പിന്നാലെ മുഖ്യമന്ത്രിയുടെ കൂട്ടിച്ചേർക്കലുമൊക്കെ വലിയ വിവാദമായിരുന്നു

നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ പോരിനുറച്ച ഗവർണർ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും വിഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ലോക്ഭവൻ നിയമസഭാ സ്പീക്കർക്ക് കത്തുനൽകി. നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചതിൽ ഗവർണ്ണർക്ക് കടുത്ത അതൃപ്തിയുണ്ട്. ഗവർണ്ണർ ചിലഭാഗങ്ങൾ വായിക്കാതെ വിട്ടതിനെ മുഖ്യമന്ത്രി സഭയിൽ വിമർശിച്ചിരുന്നു. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്നും ഇക്കാര്യം ഒഴിവാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും ലോക്ഭവൻ നേരത്തെ വിശദീകരിച്ചിരുന്നു.