
കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം നാളെ നടക്കും. ഒന്നാം വാർഷികാഘോഷത്തിന്റെ കോഴിക്കോട് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് നിർവഹിക്കുക. നാളെ വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടന സമ്മേളനം നടക്കുക. വനം മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയാകും. എംപിമാർ എംഎൽഎമാർ സാംസ്‌കാരിക രാഷ്‌ട്രീയ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. വൈകിട്ട് നാല് മണിക്ക് മുതലക്കുളം ബീച്ചില്‍ സാംസ്കാരിക ഘോഷയാത്ര നടക്കും. അഞ്ചിന് ബീച്ചിലെ തുറന്ന വേദിയില്‍ അനീഷ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ നാടന്‍ കലകള്‍ അരങ്ങേറും.
ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടത്തുന്ന മെഗാ പ്രദർശന വിപണന മേളയ്‌ക്കും നാളെ തുടക്കമാകും. എന്റെ കേരളം എന്‍റെ അഭിമാനം എന്ന ആഘോഷ പരിപാടികൾ കോഴിക്കോട് ബീച്ചിൽ ഏപ്രിൽ 19 മുതൽ 26 വരെയാണ് നടക്കുക. രാവിലെ 9 മുതൽ രാത്രി 10 വരെയാണ് മേള ഉണ്ടായിരിക്കുക. മേളയോടനുബന്ധിച്ച് കലാ സാംസ്കാരിക പരിപാടികളും സെമിനാറുകളും ചർച്ചകളും നടക്കും.
മെഗാ പ്രദർശന വിപണന മേളയുടെ കവാടം കനോലി കനാലിന്റെ മാതൃകയിലാണ്. മേളയുടെ ഭാഗമായി 218 സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസമൊഴികെ മേള നടക്കുന്ന ആറ് ദിവസങ്ങളിലും സെമിനാറുകൾ നടക്കും. പണ്ഡിറ്റ് സുഖദേ ബാദുരിയുടെ ഗസൽ, വിധു പ്രതാപിന്റേയും ടീമിന്റേയും ഓർക്കസ്ട്ര, ഗായിക സിത്താരയുടെ സിത്താര മലബാറിക്കസ്, ഹരീഷ് കണാരനും സംഘവും അവതരിപ്പിക്കുന്ന ഉത്സവ രാവ്, കണ്ണൂർ ഷെരീഫിന്റേയും സംഘത്തിന്റേയും ഇശൽ നിലാവ് തുടങ്ങിയ വിവിധ പരിപാടികളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വര്‍ഷികം; മെഗാ പ്രദര്‍ശന വിപണനമേളയ്ക്ക് തുടക്കമായി
അതേസമയം രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് തൃശൂരിൽ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി തൃശൂരിൽ നടത്തുന്ന മെഗാ പ്രദര്‍ശന വിപണന മേളയ്ക്കും തുടക്കമായി. ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം റവന്യൂ ഭവന വകുപ്പ് മന്ത്രി അഡ്വ. കെ രാജനും മെഗാ വിപണന പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ഡോ. ആര്‍ ബിന്ദുവും നിര്‍വഹിച്ചു. എന്റെ കേരളം എന്ന് പേരിട്ട മേള തൃശൂര്‍ തേക്കിൻകാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറിൽ ഏപ്രിൽ 18 മുതൽ 24 വരെയാണ് നടക്കുക. രാവിലെ 9 മുതൽ രാത്രി 10വരെയാണ് മേള ഉണ്ടായിരിക്കുക. മേളയോടനുബന്ധിച്ച് കലാ സാംസ്കാരിക പരിപാടികളും സെമിനാറുകളും ചര്‍ച്ചകളും നടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam