വാഹനങ്ങളില്‍ കൂളിംഗ് ഫിലിമിന് അനുവാദമില്ല; നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെന്ന് മന്ത്രി ആന്റണി രാജു

By Web TeamFirst Published Apr 18, 2022, 7:31 PM IST
Highlights

നിലവില്‍ വാഹനങ്ങളില്‍ സണ്‍ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ആന്റണി രാജു ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകി

തിരുവനന്തപുരം : വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു (Antony Raju). നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ആന്റണി രാജു ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകി.

വാഹനങ്ങളുടെ മുമ്പില്‍ സേഫ്റ്റി ഗ്ലാസ്സുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂളിംഗ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസ്സുകളില്‍ ഒട്ടിക്കരുത് എന്ന് കോടതി വിധിയും നിലവിലുണ്ട്. ഇത് സംബന്ധിച്ച് നിലവിലെ നിയമം ദുര്‍വ്യാഖ്യാനം ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മന്ത്രി വിശദീകരിച്ചത്. ഗ്ലെയിസിംഗ് പ്ലാസ്റ്റിക് ഒട്ടിക്കുന്നത് സംബന്ധിച്ച് ആവശ്യമെങ്കില്‍ നിയമോപദേശം തേടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ വാഹനങ്ങളില്‍ സണ്‍ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ആന്റണി രാജു ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകി. 

കാറിന്റെ ​ഗ്ലാസിൽ സണ്‍ ഫിലിം ഒട്ടിക്കാമോ? നിയമഭേദ​ഗതി പറയുന്നത് ഇങ്ങനെയാണ്...

വാഹനങ്ങളുടെ ​ഗ്ലാസിൽ ഒരു തരത്തിലുളള ഫിലിമുകളും ഒട്ടിക്കരുതെന്ന് നിയമം വരുന്നത് 2012ലാണ്. കറുത്ത ഫിലിം ഒട്ടിച്ച വാഹനങ്ങൾ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കുന്നുവെന്ന് കാണിച്ച് അഭിഷേക് ​ഗോയങ്ക എന്നയാൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്ന് വാഹനങ്ങളിൽ ഫിലിം ഒട്ടിക്കുന്നത് പൂർണ്ണമായും നിർത്തലാക്കി. എന്നാൽ 
ബിഐഎസ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന, ​​ഗ്ലേസിം​ഗ് ​ഗ്ലാസസ്സ് വാഹനങ്ങളിൽ ഉപയോ​ഗിക്കാമെന്ന് കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ പുറത്തിറക്കിയ ഭേദ​ഗതിയിൽ പറയുന്നുണ്ട്. അതേ സമയം ആദ്യത്തെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇപ്പോഴും സൺഫിലിം ഒട്ടിക്കുന്നതിനെതിരെ പിഴ നടപടികൾ തുടരുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, വാഹനങ്ങളിൽ ഏത് രീതിയിലുള്ള ഫിലിം ഒട്ടിക്കാമെന്നതിനെക്കുറിച്ച് അജ്ഞതയും തെറ്റിദ്ധാരണയും നിലനിൽക്കുന്നുണ്ട്. 

ആദ്യത്തെ ഫിലിം നിരോധനത്തിലെ നിയമത്തിലും അതിലെ ബിഐഎസ് മാനദണ്ഡങ്ങളിലും ഭേദ​ഗതി വന്നു കഴിഞ്ഞു. വാഹനത്തിന്റെ സേഫ്റ്റി മെഷേഴ്സ് ഉറപ്പു വരുത്തിക്കൊണ്ടുള്ള നിയമഭേദ​ഗതിയാണ് പുറത്ത് വന്നിട്ടുള്ളത്. കേന്ദ്രസർക്കാർ 2021 ൽ പുറത്തിറക്കിയ നിയമഭേദ​ഗതിയിൽ  പറയുന്നത് ​ഗ്ലൈസിം​ഗ് ​ഗ്ലാസസ് എന്നാണ്. അതിനർത്ഥം ഫിലിം ഒട്ടിക്കാമെന്നല്ല. ആ ഭേദ​ഗതി വ്യക്തമായി പരിശോധിച്ചാൽ മനസ്സിലാകും. അതുപോലെ തന്നെ, വാഹനങ്ങളിൽ ഫിലിം ഒട്ടിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ പിഴ ഈടാക്കുന്നത് അതിന്റെ വിസിബിലിറ്റി പരിശോധിച്ചിട്ടാണ്. വിസിബിലിറ്റി സംബന്ധിച്ച് സുപ്രീം കോടതിയുടെ ഒരു റൂളിം​ഗ് ഉണ്ട്. റൂളിം​ഗിന്റെ ബേസിലാണ് പിഴ ഈടാക്കുന്നത്. രണ്ടായി കാണേണ്ട വിഷയമാണത്. വിൻഡോ ​ഗ്ലാസിന്റെ സേഫ്റ്റി മെഷേഴ്സ് ഉറപ്പാക്കുന്നതിന് വേണ്ടിയുളളതാണ് 2021 ൽ ഇറക്കിയിട്ടുള്ള നിയമഭേദ​ഗതിയെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ വ്യക്തമാക്കി.  

നിയമഭേദ​ഗതിയിൽ ​ഗ്ലൈസിം​ഗ് ​ഗ്ലാസസ് എന്നാണ് പറയുന്നത്. ​ഗ്ലൈസിം​ഗ് ​ഗ്ലാസസിന്റെ പ്രോപ്പർട്ടിയെക്കുറിച്ച് കൃത്യമായി, ബിഐഎസ് സ്റ്റാൻഡേർഡിൽ വ്യക്തമാക്കിയിട്ടുണ്ട്. അത്തരം ​ഗ്ലാസുകൾ ഭാവിയിൽ വാഹനങ്ങളിൽ ഉപയോ​ഗിക്കാം എന്നാണ് ആ ഭേദ​ഗതി പറയുന്നത്. വെബ്സൈറ്റ് പരിശോധിച്ചാൽ മനസ്സിലാകും. ബിഐഎസ് സ്റ്റാൻഡേർഡ്സിൽ ​ഗ്ലൈസിം​ഗ് ​ഗ്ലാസിന്റെ സ്പെസിഫിക്കേഷൻ കൊടുത്തിട്ടുണ്ട്. അങ്ങനെയുള്ള ​ഗ്ലാസുകൾ ഉപയോ​ഗിക്കുന്നതിൽ പ്രശ്നമില്ല. ​ഗ്ലേസിം​ഗ് ​ഗ്ലാസിൽ ഒരു പ്ലാസ്റ്റിക് ലേയർ വരുന്നു എന്നുള്ളതാണ്. അതാണ് ഇപ്പോൾ ചിലർ പ്ലാസ്റ്റിക് അഫിക്സ് ചെയ്യുന്നതിൽ പ്രശ്നമില്ല എന്ന് പറയുന്നത്. ​രണ്ടും രണ്ടാണ്. ​​ഗ്ലേസിം​ഗ് മെറ്റീരിയലുകൾക്ക് പ്രകാശ സുതാര്യത മാനദണ്ഡം മാത്രമല്ല, മറ്റ് കർശന പരിശോധനകൾ കൂടി ബിഐഎസ് നിർദ്ദേശിച്ചിട്ടുണ്ട്. ഇവയെല്ലാം പാലിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. 
അത്തരം സ്റ്റാൻഡേർഡ്സ് ഉള്ള ​ഗ്ലാസസ് ഉപയോ​ഗിക്കുന്നതിൽ പ്രശ്നമില്ല. അതിൽ ഒരു പ്ലാസ്റ്റിക് ലെയർ വരുന്നു. അതിനർത്ഥം ​ഗ്ലാസിൽ പ്ലാസ്റ്റിക് ലെയർ ഒട്ടിക്കാമെന്നല്ല. അത്തരം ​ഗ്ലാസ് ഉപയോ​ഗിക്കുന്നതിൽ പ്രശ്നമില്ല എന്നതാണ്.

click me!