
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിൽ ആരോഗ്യവിദ്യാഭ്യാസവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ കാണാനെത്തിയപ്പോൾ വനിത ഡോക്ടറെ (Women Doctor) അപമാനിച്ച സംഭവത്തിൽ പൊലീസ് (Kerala Police) കേസെടുത്തു. കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കവേ, ജീവനക്കാരിൽ ഒരാൾ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചെന്ന കെഎംപിജിഎ അസോസിയേഷൻ പ്രസിഡന്റ് അജിത്രയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇതേതുടർന്ന് ഇവർ സെക്രട്ടേറിയറ്റ് ഗേറ്റിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
അഡീഷണൽ ചീഫ് സെക്രട്ടറിയെ കാണാൻ കാത്തിരിക്കുമ്പോൾ , ഐഡി കാർഡുള്ള ഒരാൾ വന്ന് തന്നോട് കാൽ താഴ്ത്തി ഇട്ട് ഇരിക്കാൻ പറയുകയായിരുന്നു. ഇവിടെ ഒരുപാട് വലിയ ആളുകൾ വരുന്നതാണ് എന്നും പറഞ്ഞു. തനിക്ക് സൗകര്യപ്രദമായി രീതിയിലാണ് ഇരിക്കുന്നതെന്നും എന്താണ് കാലിന് മുകളിൽ കാല് കയറ്റി വച്ച് ഇരുന്നാൽ എന്നും ചോദിച്ചപ്പോൾ "എങ്കിൽ തുണിയുടുക്കാതെ നടന്നോ" എന്നു പറയുകയും ചെയ്തു എന്നാണ് അജിത്രയുടെ പരാതി. തന്നോട് മോശമായി പെരുമാറിയ ആളെക്കുറിച്ച് പൊലീസുകാരോട് ചോദിച്ചപ്പോൾ അവർ വ്യക്തമായ മറുപടി നൽകിയില്ല. ആളെക്കണ്ടാൽ തനിക്ക് തിരിച്ചറിയാൻ കഴിയുമെന്നും അജിത്ര ഇന്നലെ പറഞ്ഞിരുന്നു.
അതേസമയം, സംസ്ഥാനത്ത് പിജി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം ഇന്നലെ രാത്രി വൈകി അവസാനിപ്പിച്ചു. ഇന്ന് മുതല്‍ ഡോക്ടർമാർ ഡ്യൂട്ടിക്ക് കേറും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച ഉറപ്പുകള്‍ക്ക് പിന്നാലെയാണ് സമരം പിന്‍വലിച്ചതെന്ന് കെഎംപിജിഎ അറിയിച്ചു. സ്റ്റൈപ്പൻഡ് വർധനവ്, അലവൻസുകൾ എന്നിവയില്‍ എത്രയും വേഗം തീരുമാനം ഉണ്ടാക്കാന്‍ ഇടപെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉറപ്പ് ലഭിച്ചു. ജോലിഭാരം, ഡോക്ടര്‍മാരുടെ കുറവ് എന്നിവയിൽ കെഎംപിജിഎ സമഗ്രമായ റിപ്പോർട്ട് സർക്കാരിന് നൽകും.
മന്ത്രിയുമായി നടത്തിയ ചർച്ചയിലെ പുരോഗതി കണക്കിലെടുത്ത് എമർജൻസി ഡ്യൂട്ടികളിലേക്ക് തിരികെ പ്രവേശിക്കാന്‍ പിജി ഡോക്ടർമാരുടെ അസോസിയേഷൻ നേരത്തെ തീരുമാനിച്ചിരുന്നു. കാഷ്വാലിറ്റി, ലേബർ റൂം, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളിൽ ഇന്ന് രാവിലെ മുതൽ പിജി ഡോക്ടർമാർ ജോലിയിൽ പ്രവേശിച്ചിരുന്നു.
അഞ്ച് ദിവസം എമർജൻസി ഡ്യൂട്ടികൾ ബഹിഷ്കരിച്ച് പിജി ഡോക്ടർമാർ സമരം ചെയ്തതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജ് രണ്ട് തവണയാണ് ചർച്ചയ്ക്ക് വിളിച്ചത്. ജോലി ഭാരം കണക്കിലെടുത്ത് റസിഡന്‍റ് മാനുവൽ നടപ്പാക്കാനും ബുദ്ധിമുട്ടുകൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam