
ഇടുക്കി: ഓണമാഘോഷിക്കാൻ തമിഴ്നാട്ടിൽ നിന്നും സ്പിരിറ്റും മറ്റ് ലഹരി സാധനങ്ങളും എത്തുണ്ടോയെന്ന് കണ്ടെത്താൻ അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളും സംയുക്ത പരിശോധന തുടങ്ങുന്നു. ഇടുക്കിയിലെ അതിർത്തികളിലുള്ള സമാന്തര പാതകളിലൂടെ സ്പിരിറ്റ് കടത്താൻ ഇടയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് നടപടി. ഇടുക്കിയിലെ അതിർത്തി ചെക്ക്പോസ്റ്റുകളായ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങളിലൂടെ ഓണക്കാലത്തേക്ക് വൻ തോതിൽ സ്പിരിറ്റും കഞ്ചാവും കേരളത്തിലേക്ക് കടത്താനിടയുണ്ടെന്നാണ് ഇൻറലിജൻസ് വിഭാഗത്തിന് ലഭിച്ച വിവരം.
ഇതേത്തുടർന്നാണ് കേരള എക്സൈസ് വകുപ്പും തമിഴ്നാട് പോലീസിൻറെയും വനം വകുപ്പിൻറെയും സഹായത്തോടെ പരിശോധന നടത്താൻ വിവിധ വകുപ്പുകളുടെ യോഗത്തിൽ തീരുമാനിച്ചത്. ചെക്ക്പോസ്റ്റിലെ സ്ഥിരം പരിശോധനകൾക്ക് പുറമെ വനാതിർത്തി, സമാന്തര പാതകൾ എന്നിവിടങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും.
ഇരു സംസ്ഥാനത്തെയും പിടികിട്ടാപുള്ളികളുടെ വിവരങ്ങൾ കൈമാറുന്നതിന് പുറമെ ഇവരെ പിടികൂടാൻ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് തെരച്ചിൽ നടത്തും. കേരളത്തിലേക്ക് ഏറ്റവും കൂടുതൽ കഞ്ചാവെത്തുന്നത് തടയാൻ വേണ്ട നടപടികൾ ശക്തമാക്കുമെന്ന് തമിഴ്നാട് പോലീസും അറിയിച്ചു.
കേരളത്തിലേക്ക് പച്ചക്കറി ഉൾപ്പെടെ സാധനങ്ങൾ കൊണ്ടു വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ യോഗം വിളിച്ച് ലഹരിക്കടത്ത് സംബന്ധിച്ച് നിയമ ബോധവത്ക്കരണം നൽകാനും തമിഴ്നാട് പോലീസ് തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam