മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കടവൂർ ശിവദാസൻ അന്തരിച്ചു

By Web TeamFirst Published May 17, 2019, 5:55 AM IST
Highlights

കെ കരുണാകരൻ , എകെ ആൻറണി മന്ത്രി സഭകളിൽ അംഗമായിരുന്നു.  നാല് തവണ മന്ത്രി ആയിരുന്നു. 

കൊല്ലം: മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂർ ശിവദാസൻ (88) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം.നാല് തവണ മന്ത്രി ആയിരുന്നു. മൃതദേഹം 10 മണിക്ക് കൊല്ലം ഡിസിസിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകീട്ട് സംസ്കാരം വൈകീട്ട് നാലിന് മുളങ്കാടകം ശ്മശാനത്തിൽ നടക്കും.

കെ കരുണാകരൻ , എകെ ആൻറണി മന്ത്രി സഭകളിലായി നാല് തവണ മന്ത്രിയായിരുന്ന കടവൂര്‍ ശിവദാസന്‍ വൈദ്യുതി, വനം,എക്സൈസ്, ആരോഗ്യം, തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. ആര്‍എസ്പിയിലൂടെയാണ് കടവൂര്‍ ശിവദാസന്‍ കേരളരാഷ്ട്രീയത്തില്‍ വരവറിയിക്കുന്നത്. 1980-ലും 82-ലും ആര്‍എസ്പി പ്രതിനിധിയായി കടവൂര്‍ ശിവദാസന്‍ നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം കോണ്‍ഗ്രസിലെത്തുകയും കൊല്ലം ജില്ലയിലെ പാര്‍ട്ടിയുടെ പ്രധാന നേതാവായി മാറുകയും ചെയ്യും. കെ.കരുണാകരന്‍റെ വിശ്വസ്തനും ഐ ഗ്രൂപ്പിന്‍റെ പ്രധാന നേതാവായിരുന്നു കടവൂര്‍. 

1991,1996,2001 എന്നിങ്ങനെ തുടര്‍ച്ചയായി 15 വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി അദ്ദേഹം കൊല്ലം,കുണ്ടറ മണ്ഡലങ്ങളില്‍ നിന്നും മത്സരിച്ചു ജയിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ക്ഷേമനിധി ബോര്‍ഡ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് കടവൂര്‍ ശിവദാസനായിരുന്നു. വിജയമ്മയാണ് ഭാര്യ. മിനി, ഷാജി ശിവദാസന്‍ എന്നിവര്‍ മക്കളാണ്. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായിഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23-ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!