
തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച വടകര ഡിവൈഎസ്‍പിക്ക് എതിരെ ഗുരുതരമായ കണ്ടെത്തലുകളുമായി അന്വേഷണ റിപ്പോർട്ട്. ഡിവൈ.എസ്പി ഉമേഷിനെതിരായ അന്വേഷണ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. വടക്കഞ്ചേരി സിഐയായിരുന്നപ്പോൾ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച്, കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. പൊലീസെന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തു എന്നും റിപ്പോർട്ടിൽ പറയുന്നു.
വടകര ഡിവൈഎസ്പി ഉമേഷിനെതിരായ ലൈംഗിക പീഡന ആരോപണത്തിൽ അദ്ദേഹത്തിനെതിരെ ഉടൻ കേസെടുത്തേക്കും. ഡിവൈ.എസ്.പി.ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പാലക്കാട് എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ചെർപ്പുള്ളശ്ശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഡിവൈഎസ്പി ഉമേഷിനെതിരെ ആദ്യമായി ഗുരുതരമായ ആരോപണം ഉയർന്നത്. അനാശാസ്യ കേസിൽ അറസ്റ്റിലായ ഒരു യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു സിഐ യുടെ ആത്മഹത്യാക്കുറിപ്പിലെ പ്രധാന ആരോപണം. കഴിഞ്ഞ ദിവസം ഇതേ യുവതി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴി നൽകിയിരുന്നു. ഡിവൈഎസ്പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന് യുവതി മൊഴിയിൽ ആവർത്തിച്ചു. തനിക്കൊപ്പം പിടിയിലായവരിൽ നിന്ന് ഡിവൈ.എസ്.പി. കൈക്കൂലി വാങ്ങിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്.ഈ പശ്ചാത്തലത്തിലാണ് ഡിവൈഎസ്പി.ക്കെതിരെ കേസെടുക്കുന്നതിനും തുടർ നടപടികൾക്കുമായി പാലക്കാട് എസ്പി റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്.
ചെർപ്പുളശ്ശേരി സി.ഐ. ബിനു തോമസിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വടകര ഡിവൈ.എസ്.പി. ഉമേഷിനെതിരെ കൂടുതൽ ഗുരുതരമായ വെളിപ്പെടുത്തലുകൾ പുറത്തുവന്നിരുന്നു. പെൺവാണിഭക്കേസിൽ കസ്റ്റഡിയിലെടുത്ത ശേഷം നിയമനടപടികളിൽ നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞ് ഡിവൈ.എസ്.പി. ഉമേഷ് തന്നെ ബലാൽസംഗം ചെയ്തതായാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി.ക്കെതിരെ ബലാൽസംഗ കുറ്റം ചുമത്തി കേസെടുക്കാൻ സാധ്യതയുണ്ട്. സംഭവം നടന്നിട്ട് പത്ത് വർഷത്തിലധികം കഴിഞ്ഞു. അതിനാൽ, പീഡനത്തിനിരയായ സ്ത്രീ പരാതിയുമായി മുന്നോട്ട് പോകാൻ തയ്യാറായാൽ മാത്രമേ പോലീസ് കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയുള്ളൂ. യുവതിയെ പീഡിപ്പിച്ച ഈ വിഷയം പറഞ്ഞ് ഡിവൈ.എസ്.പി. ഉമേഷ് തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നു എന്ന് ബിനു തോമസിൻ്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam