
കൊച്ചി : സംസ്ഥാനത്തെ വൈദ്യുതി നിരക്ക് നിർണയത്തിൽ കെ എസ് ഇ ബിക്ക് കടിഞ്ഞാണിട്ട് ഹൈക്കോടതി. ജീവനക്കാരുടെ പെൻഷൻ ഉൾപ്പെടുളള ആനുകൂല്യങ്ങൾ നൽകുന്നതിനായി സമാഹരിക്കുന്ന തുക കൂടി വൈദ്യുത നിരക്ക് നിർണയത്തിന് കണക്കാക്കരുതെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ഇതുസംബന്ധിച്ച താരിഫ് റെഗുലേഷനിലെ വ്യവസ്ഥ റദ്ദാക്കുകയും ചെയ്തു.
കേരള ഹൈ ടെൻഷൻ ആൻഡ് എക്സ്ട്രാ ടെൻഷൻ ഇൻഡസ്ട്രിയിൽ ഇലക്ടിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുളളവർ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2013ൽ കെഎസ്ഇബി കമ്പ നിയായതിനുശേഷം ജോലിയിൽ പ്രവേശിച്ചവർക്ക് നാഷണൽ പെൻഷൻ സ്കീമാണ് ബാധകമാകുന്നത്. അതിന് മുമ്പ് വിരമിച്ചവരുടെയും സർവീസിൽ ഉണ്ടായിരുന്നവരുടെയും പെൻഷൻ ആനുകൂല്യങ്ങൾ കൈകാര്യം ചെയ്യുന്നതിനാണ് മാസ്റ്റർ ട്രസ്റ്റ് രൂപീകരിച്ചത്. ഇതിലേക്കായി അനുവദിക്കുന്ന തുകയുടെ പലിൽ മാത്രമേ താരിഫ് നിർണയത്തിന് പരിഗണിക്കാവൂ എന്നായിരുന്നു വ്യവസ്ഥ.
എന്നാൽ മാസ്റ്റർ ട്രസ്റ്റിലേക്ക് അനുവദിക്കുന്ന മുഴുവൻ തുകയും അതിന്‍റെ പലിശയും വൈദ്യുത താരിഫ് നിർണയത്തിന് പരിഗണിക്കാമെന്നായിരുന്നു 2021 ലെ അന്തിമ റെഗുലേഷൻ. ഇത് ചോദ്യം ചെയ്തായിരുന്നു ഹർജിക്കാർ കോടതിയെ സമീപിച്ചത്. ഇത്തരത്തിൽ താരിഫ് നിർണയം നടത്തുന്നത് യുക്തസഹമല്ലെന്ന കണ്ടെത്താലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഭാഗത്തുനിന്ന് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അതായത് കെ എസ് ഇ ബി കന്പനിയാകുന്നതിന് മുന്പുളള ജീവനക്കാരുടെ പെൻഷൻ ബാധ്യതകളടക്കം നൽകുന്നതിന് ഉപഭോക്താക്കളെ ഞെക്കിപ്പിഴിയേണ്ടതില്ല എന്ന കണ്ടെത്തലിലേക്കാണ് ഹൈക്കോടതി എത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam